കൊവിഡ് ഭീതി: ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം ഉപേക്ഷിച്ച് സുരക്ഷിതമേഖലയിലേക്ക് പറക്കുന്നു
സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ യൂറോപ്പിലേയും മിഡില്‍ ഈസ്റ്റിലേയും സുരക്ഷിത ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നതായാണ് റിപോര്‍ട്ട്.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശതകോടീശ്വരന്മാര്‍ സ്വകാര്യ ജെറ്റുകളില്‍ കൂട്ടത്തോടെ ഇന്ത്യ വിടുന്നതായി റിപോര്‍ട്ട്. അതിതീവ്ര രോഗവ്യാപനത്തിനൊപ്പം ആശുപത്രി കിടക്കകളുടേയും ഓക്‌സിജന്റേയും വെന്റിലേറ്റര്‍ സൗകര്യങ്ങളുടേയും ക്ഷാമത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോടീശ്വരന്മാര്‍ ഇന്ത്യ വിടുന്നത്.
സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ യൂറോപ്പിലേയും മിഡില്‍ ഈസ്റ്റിലേയും സുരക്ഷിത ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നതായാണ് റിപോര്‍ട്ട്. പ്രൈവറ്റ് ജെറ്റ് കമ്പനികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
വമ്പന്‍ കോടീശ്വരന്മാര്‍ മാത്രമല്ല, കയ്യില്‍ കുറച്ച് സമ്പാദ്യമുള്ള അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ടവരും ഇന്ത്യ വിടാന്‍ തയ്യാറെടുക്കുന്നതായാണ് സ്വകാര്യ ജെറ്റ് കമ്പിനികള്‍ നല്‍കുന്ന വിവരം. ബിസിനസുകാര്‍ മാത്രമല്ല, സിനിമാ താരങ്ങളും മറ്റ് രാജ്യങ്ങളിലെ സുരക്ഷിത ഇടങ്ങളിലേക്ക് പുറപ്പെടാന്‍ കോപ്പുകൂട്ടുന്നുവെന്നാണ് റിപോര്‍ട്ടിലുള്ളത്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ, യുകെ, കാനഡ, ചൈന മുതലായ പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ അവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിനു മുന്‍പ് രാജ്യം വിടാനാണ് രാജ്യത്തെ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് റിപോര്‍ട്ട് അടിവരയിടുന്നു.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവധി ദിനമായതിനാല്‍ ടെസ്റ്റിങ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് മരണനിരക്ക് ഇന്നും 2500ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. തുടര്‍ച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

