എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണം; നിലപാടിലുറച്ച് സായ് പല്ലവി

വംശഹത്യ പോലെയുള്ള കാര്യങ്ങള്‍ അത്ര ചെറിയ കാര്യമല്ല. തലമുറകൾ വരുന്ന ജനങ്ങള്‍ ഇന്നും അതില്‍ നിന്നും മുക്തരല്ല.

Update: 2022-06-18 17:11 GMT

ചെന്നൈ: ഹിന്ദുത്വ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. സംഘപരിവാർ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് സായ് പല്ലവി തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചു.

വംശഹത്യ പോലെയുള്ള കാര്യങ്ങള്‍ അത്ര ചെറിയ കാര്യമല്ല. തലമുറകൾ വരുന്ന ജനങ്ങള്‍ ഇന്നും അതില്‍ നിന്നും മുക്തരല്ല. കൊവിഡ് സമയത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഒരിക്കലും പിന്തുണക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വീഡിയോ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിന്‍റെ പേരിലുള്ള ഏത് അക്രമവും വലിയ പാപമാണ്. ഇത്രയുമാണ് പറയാന്‍ ശ്രമിച്ചതെന്ന് സായ് പല്ലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സായ് വീഡിയോ പങ്കുവെച്ചത്.

ഓണ്‍ലൈനിലുള്ള ഒരുപാട് പേര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും മറ്റൊരാളുടെ ജീവനില്ലാതാക്കാനുള്ള അവകാശം ആര്‍ക്കും തന്നെയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ബിരുദമുള്ള ആളെന്ന നിലയില്‍ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്‍റേയോ അവളുടേയോ ഐഡന്‍റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തില്‍ പേടിക്കുന്നതായും ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഏറ്റവും കുറഞ്ഞത് പ്രാര്‍ത്ഥിക്കുന്നതായും സായ് പല്ലവി പറഞ്ഞു.

പ്രമുഖരും പ്രശസ്തവുമായ പല ആളുകളും വെബ്സൈറ്റുകളും അഭിമുഖം മുഴുവന്‍ കാണാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ സങ്കടം തോന്നിയതായും താരം പറഞ്ഞു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായി പറഞ്ഞ സായ്, എല്ലാവർക്കും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നതായും ആശംസിച്ചു.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരില്‍ മുസ്‍ലിംകളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്നതായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം. അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും സായ് പല്ലവി പറഞ്ഞു. ഗ്രേയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പ്രതികരണം.