'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങള്‍ മതേതരര്‍', പ്രസംഗ മത്സര വിജയിയോട് ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി; വിവാദം

ജേതാക്കളെ അഭിനന്ദിച്ചുള്ള പോസ്റ്ററിനായി ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് പൂനൂര്‍ മദീനത്തുനൂര്‍ കോളജ് വിദ്യാര്‍ഥി നാദാപുരം കുറുവന്തേരി സ്വദേശി മുഹമ്മദ് മാട്ടാന്‍ തൊപ്പിധരിച്ച് നില്‍ക്കുന്ന ചിത്രം അയച്ചപ്പോഴാണ് ലിബറല്‍ മുഖംമൂടി ധരിച്ച് നടക്കുന്ന സംഘടനയുടെ വര്‍ഗീയത പുറത്തായത്.

Update: 2020-11-24 11:14 GMT

കോഴിക്കോട്: ലോക്ക് ഡൗണ്‍ സമയത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് കീഴിലുള്ള യുവസമിതി കൊല്ലം ഘടകം സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ജേതാവിനോട് വര്‍ഗീയ വിദ്വേഷ പരാമര്‍ശവുമായി സംഘാടകര്‍. ജേതാക്കളെ അഭിനന്ദിച്ചുള്ള പോസ്റ്ററിനായി ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് പൂനൂര്‍ മദീനത്തുനൂര്‍ കോളജ് വിദ്യാര്‍ഥി നാദാപുരം കുറുവന്തേരി സ്വദേശി മുഹമ്മദ് മാട്ടാന്‍ തൊപ്പിധരിച്ച് നില്‍ക്കുന്ന ചിത്രം അയച്ചപ്പോഴാണ് ലിബറല്‍ മുഖംമൂടി ധരിച്ച് നടക്കുന്ന സംഘടനയുടെ വര്‍ഗീയത പുറത്തായത്.

തൊപ്പി ധരിച്ച ചിത്രം പറ്റില്ലെന്നും മറ്റൊരു ചിത്രമയക്കാനുമാണ് സംഘാടകര്‍ ശഠിച്ചത്. 'മതേതര കാഴ്ചപ്പാടുള്ളതാണ് തങ്ങളുടെ സംഘടനയെന്ന് ചൂട്ടിക്കാട്ടിയായിരുന്നു സംഘാടകരുടെ ഈ നിര്‍ബന്ധം. തൊപ്പിയില്ലാത്ത മറ്റാരു ചിത്രമയച്ച് നല്‍കിയപ്പോഴാണ് ഒടുവില്‍ സംഘാടകര്‍ വഴങ്ങിയത്.

അതിനിടെ, തൊപ്പി വച്ച ഫോട്ടോ വേണ്ടെന്നു പറയുമ്പോള്‍ തന്നെ മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയ പൊട്ട് ധരിച്ച പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് സംഘാടകര്‍ക്ക് മുഹമ്മദ് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ലിബറല്‍ ആവുമ്പോള്‍ എല്ലാത്തിനേയും ഉള്‍കൊള്ളുകയല്ലെ വേണ്ടതെന്നാണ് മുഹമ്മദ് ചോദിക്കുന്നത്. ഒരു മതത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയെങ്കില്‍ മറ്റു മതസ്ഥരുടെ ചിഹ്നങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ ഒരു പൊതു പരിപാടി മതേതര ചട്ടക്കൂട് ഉള്ളവര്‍ നടത്തുമ്പോള്‍ എല്ലാവരേയും ഉള്‍ക്കൊള്ളലാണ് അതിന്റെ മാന്യതയെന്ന് മുഹമ്മദ് ചൂണ്ടിക്കാട്ടി.

നമ്മെ പോലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ആദ്യമേ അത് പറയണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. ഇനി ലിബറല്‍ ആയതുകൊണ്ടാണ് താന്‍ തൊപ്പിയിട്ട ഫോട്ടോ നിങ്ങള്‍ ഒഴിവാക്കിയതെങ്കില്‍ മൂന്നാം സ്ഥാനം കിട്ടിയ പെണ്‍കുട്ടിയുടെ പൊട്ടും ഒഴിവാക്കണമായിരുന്നു. അതും ഒരു മതചിഹ്നമാണല്ലോ?. അപ്പോള്‍ ലിബറല്‍ എന്ന തോലണിഞ്ഞ് ചില അരികുവല്‍കരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തം മുഹമ്മദ് ചൂണ്ടിക്കാട്ടി.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിവേചന നിലപാടിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്. തൊപ്പിയെന്നത് കേവലം മുസ് ലിംകള്‍ മാത്രം ഉപയോഗിക്കുന്നതല്ലെന്നും നിരവധി ഇതര മതസ്ഥര്‍ തൊപ്പി ധരിക്കാറുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശാസ്ത്ര സാമൂഹിക പുരോഗതിക്ക് എന്ന ബാനറില്‍ കേരളത്തിലെ മുഖ്യധാരയില്‍ മുഖംമിനുക്കി നടക്കുകയും ആ പേരില്‍ പൊതുഫണ്ട് മുടങ്ങാതെ പിടുങ്ങുകയും ചെയ്യുന്ന ഒരു സംഘടനയില്‍ നിന്ന് ഇത്തരം വെറുപ്പ് നുരക്കുന്ന പ്രതികരണമുണ്ടായത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഗതി വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തി. ഇത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടല്ലെന്നും മെസേജ് അയച്ചയാള്‍ക്ക് തെറ്റ് പറ്റിയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഭാരവാഹികള്‍ മുഹമ്മദിനെ അറിയിച്ചു.

Tags:    

Similar News