വ്യോമാക്രമണത്തിന് പിന്നാലെ ഇറാനെതിരേ ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ മിസൈലുകളും മിസൈല്‍ വ്യവസായവും നിലംപരിശാക്കുമെന്ന് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ശക്തി പൂര്‍ണമായും ഇല്ലാതാക്കപ്പെടും, 'ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു. വിജയിച്ചില്ല. ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ ആക്രമണത്തിന് വെള്ളിയാഴ്ചയാണ് അന്തിമ തീരുമാനമായതായും ട്രംപ് സാമൂഹിക മാധ്യമ പോസ്റ്റില്‍ പുറത്ത് വിട്ട വീഡിയോയില്‍ അറിയിച്ചു. എന്നാല്‍ ആണവ ചര്‍ച്ചകള്‍ക്കിടെ അവരുടെ ചര്‍ച്ചാ നിലപാടില്‍ താന്‍ 'തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
ആഴ്ചയുടെ തുടക്കത്തില്‍ ജനീവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ നടന്നു, ഒരു കരാറിലെത്തുന്നതില്‍ പുരോഗതി കൈവരിച്ചതായി ഇരുപക്ഷവും പറഞ്ഞു.
ആണവ പദ്ധതിയില്‍ ഒരു പുതിയ കരാറിന് സമ്മതിക്കാന്‍ ഇറാനുമേല്‍ വാഷിംഗ്ടണ്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. 'യുദ്ധമുണ്ടാകുമ്പോള്‍, എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട് - നല്ലതും ചീത്തയും,' മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നീണ്ട് നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ഇറാനിലുടനീളമുള്ള അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, കോം, കരാജ്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും റിപ്പബ്ലിക് പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തെഹ്റാനില്‍ രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ മധ്യഭാഗത്ത് പുക കാണാന്‍ കഴിയുമെന്ന് പറയുന്നു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കെടുത്തതായി ട്രംപ് സ്ഥിരീകരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ എന്ന അക്കൗണ്ടില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

