വയനാട് പുനരധിവാസം; താക്കോല്‍ ലഭിച്ചാലും താമസിക്കാന്‍ ഏപ്രില്‍ പത്തു വരെ കാത്തിരിക്കണം

Update: 2026-02-27 07:34 GMT

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പണിതീര്‍ക്കുന്ന വീടുകളുടെ ഉദ്ഘാടനം കഴിഞ്ഞാലും താമസിക്കാന്‍ ഗുണഭോക്താക്കള്‍ ഇനിയും കാത്തിരിക്കണം. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പരിസരമാകെ നിര്‍മാണ സാമഗ്രികള്‍ ചിതറിക്കിടക്കുന്നതാണ് പ്രധാന തടസം. അഞ്ച് സോണുകളിലായി 410 വീടുകളാണ് ആകെ പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയ 178 വീടുകളുടെ പണിയാണ് ആദ്യം പൂര്‍ത്തീകരിച്ചത്.

വിവിധ സോണുകളിലായി ചിതറിക്കിടക്കുന്ന ഈ വീടുകള്‍ക്ക് സമീപം മറ്റ് വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ നിലവില്‍ താമസസൗകര്യം ഒരുക്കാന്‍ കഴിയില്ല. നിര്‍മാണ സാമഗ്രികള്‍ പലയിടങ്ങളിലായി കിടക്കുന്നതും ഒപ്പം രൂക്ഷമായ പൊടിശല്യവും താമസക്കാര്‍ക്ക് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 10 വരെ സര്‍ക്കാരിനോട് സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സി.ഒ.ഒ അരുണ്‍ ബാബു പറഞ്ഞു.