ഷഹലയുടെ മരണം: അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരേ ജില്ലാ ജഡ്ജിയുടെ റിപോര്‍ട്ട്

അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന പിതാവിന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ ജഡ്ജി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഈ രംഗം കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2019-11-28 19:09 GMT

കൊച്ചി: വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശം പ്രകാരം അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി എ ഹാരിസ് റിപോര്‍ട്ട് സമര്‍പ്പിച്ചു. അധ്യാപകര്‍ക്കും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഷഹലയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും റിപോര്‍ട്ടിലുണ്ട്.

പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പിതാവിനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സ്‌കൂളിലെ അധ്യാപകര്‍ ചെയ്തത്. അരമണിക്കൂറോളം പാമ്പ് കടിയേറ്റ കുട്ടി സ്‌കൂളില്‍ ഉണ്ടായിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന പിതാവിന്റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ ജഡ്ജി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഈ രംഗം കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികില്‍സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കോടതി വെള്ളിയാഴ്ച്ച പരിഗണിച്ച ശേഷം തുടര്‍ നടപടികളുണ്ടാകും.




Tags: