വെള്ളവും വെളിച്ചവും ഭക്ഷണവും എണ്ണയും വിലക്കി; ഗസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രായേല്‍

Update: 2023-10-09 13:34 GMT
തെല്‍അവീവ്: ശനിയാഴ്ച അതിരാവിലെ ഗസയില്‍നിന്ന് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മാറാതെ ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഗസയ്ക്കു മേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവും വിലക്കുമെന്നും ഗസ പൂര്‍ണമായും ഒറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ചെറുത്തുനില്‍പ്പ് തടയുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും

അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും യുദ്ധം ശക്തമാക്കിയതോടെ ഗസയിലേക്കുള്ള വൈദ്യുതി കഴിഞ്ഞ ദിവസം തന്നെ ഇസ്രായേല്‍ വിച്ഛേദിച്ചിരുന്നു. ഇതിനുപുറമെയാണ് ഭക്ഷണവും ഇന്ധനവും തടയുമെന്ന് പ്രഖ്യാപിച്ചത്. 'മൃഗീയര്‍'ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഉപരോധമെന്നും ഗാലന്റ് പറഞ്ഞു.

    അതിനിടെ, ഗസയെ തരിപ്പണമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് 526 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായും 3000ത്തോളം പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഹമാസിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം 800 കടന്നതായാണ് റിപോര്‍ട്ട്. 2200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ, ഇസ്രായേല്‍ സൈന്യം ഒരുലക്ഷത്തോളം പേരെ റിസര്‍വ് സൈനികരായി ഗസയ്ക്ക് സമീപം തയ്യാറാക്കിയതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇവിടെ 130 പേരെ ബന്ദികളാക്കിയതായി ഫലസ്തീന്‍ പോരാളികള്‍ അറിയിച്ചു. അതിനിടെ, ഇസ്രായേലിന് പിന്തുണയുമായി വിമാനവാഹിനി കപ്പലടക്കം നല്‍കി യുഎസും രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമാനവാഹിനി കപ്പലടക്കം നല്‍കിയത്.

Tags:    

Similar News