വെള്ളം തലയ്ക്ക് മേല്‍ എത്തി, എന്തെങ്കിലും ചെയ്യുമെങ്കില്‍ ഇപ്പോള്‍ വേണം; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

‘വെള്ളം തലയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഇപ്പോള്‍ വേണം. ഓക്‌സിജന്‍ വിഹിതം നിശ്ചയിച്ചത് നിങ്ങളാണ്. അത് നല്‍കണം. എട്ട് ജീവനുകള്‍ നഷ്ടപ്പെട്ടു. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല’

Update: 2021-05-01 14:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഏതുവിധേനയും ഉടന്‍ നടപ്പിലാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. അല്ലാത്ത പക്ഷം കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും. വെള്ളം തലയ്ക്ക് മുകളില്‍ എത്തിയിരിക്കുകയാണ് എന്തെങ്കിലും ചെയ്യണമെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യണം. കൊവിഡുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

'വെള്ളം തലയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഇപ്പോള്‍ വേണം. ഓക്‌സിജന്‍ വിഹിതം നിശ്ചയിച്ചത് നിങ്ങളാണ്. അത് നല്‍കണം. എട്ട് ജീവനുകള്‍ നഷ്ടപ്പെട്ടു. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല', ഹൈക്കോടതി പറഞ്ഞു. ഡല്‍ഹിയിലെ ബാത്ര ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ 80 മിനിറ്റ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതി ഇത്തരം ഒരു പ്രതികരണം നടത്തിയത്.

ജസ്റ്റിസ് വിപിന്‍ സാംഗി, രേഖ പിള്ള, എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും പറയേണ്ടന്നും ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ അതിന് നേരെ കണ്ണടയ്ക്കാന്‍ ആകില്ലന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ മറുപടി.

കേന്ദ്രം ഏതുവിധേനെയും 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ഏപ്രില്‍ 20നാണ് കേന്ദ്രം ഓക്‌സിജന്‍ വിഹിതം പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം വാദം തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'മതി, ഇനികൂടുതല്‍ സമയം അനുവദിക്കാനാവില്ല. നിങ്ങള്‍ക്ക് ഇന്ന് ഒക്‌സിജന്‍ എത്തിക്കാന്‍ സാധിക്കില്ലെങ്കില്‍ അതിന്റെ വിശദീകരണം തിങ്കളാഴ്ച്ച നല്‍കാമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.