വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടിസ്; അന്വേഷണം വിലയിരുത്താൽ പോലിസ് യോഗം

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പോലിസിന്റെയും നിഗമനം.

Update: 2022-05-18 01:54 GMT

അഗളി: അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അഗളി പോലിസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ വേണ്ടി ബുധനാഴ്ച പോലിസിന്റെ യോഗം ചേരും.

മേയ് മൂന്ന് മുതലാണ് വാച്ചർ രാജനെ കാണാതാകുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സൈരന്ധ്രിയിൽ രാത്രി സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാനായി പോയതായിരുന്നു രാജൻ. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ ചായയുമായി രാജന്റെ താമസസ്ഥലത്ത് പോയപ്പോഴാണ് വഴിയിൽ ചെരിപ്പും ടോർച്ചു കിടക്കുന്നത് കണ്ടത് 20 മീറ്റർ മാറി രാജൻ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയിൽ കുടുങ്ങിക്കിടക്കുന്നതും കണ്ടു.

കഴിഞ്ഞ 20 വർഷമായി വനംവകുപ്പിൽ താത്കാലിക വാച്ചറായി ജോലിചെയ്തുവരികയാണ് രാജൻ. അട്ടപ്പാടി മുക്കാലി സ്വദേശിയാണ്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെങ്കിലും പോലിസ് വിവ​രങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. രാജന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി സത്യഭാമ നേരത്തെ പറഞ്ഞിരുന്നു.

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പോലിസിന്റെയും നിഗമനം. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചത്. വനത്തോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നോട്ടിസ് പതിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.