'മുന്നറിയിപ്പ് നല്‍കി, പക്ഷെ അവന്‍ ചെവി കൊണ്ടില്ല': ബംഗളൂരു കലാപത്തിന് കാരണക്കാരനായ നവീന്റെ പിതാവ്

ആ നിമിഷം ആഘോഷിക്കുന്നതിനായി നവീന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുകയും പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. അതിനിടെ, ഏതാനും മുസ്‌ലിം ഭവനങ്ങളിലും ഇയാള്‍ മധുരവുമായി എത്തി. ആളുകളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഈ പ്രവര്‍ത്തിയെന്ന് കാവല്‍ ബൈരാസന്ദ്ര പരിസരത്തെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താമസക്കാരനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-08-14 15:40 GMT
മുന്നറിയിപ്പ് നല്‍കി, പക്ഷെ അവന്‍ ചെവി കൊണ്ടില്ല: ബംഗളൂരു കലാപത്തിന് കാരണക്കാരനായ നവീന്റെ പിതാവ്

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ നടത്തിയ ദിവസം മകന്‍ ചെയ്ത് കൂട്ടിയ പ്രവര്‍ത്തികള്‍ തന്നെ ശരിക്കും അമ്പരപ്പിച്ചെന്ന് ബംഗളൂരു കലാപത്തിന് കാരണക്കാരനായ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉടമ പി നവീന്‍കുമാറിന്റെ പിതാവ്.

ആ നിമിഷം ആഘോഷിക്കുന്നതിനായി നവീന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുകയും പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. അതിനിടെ, ഏതാനും മുസ്‌ലിം ഭവനങ്ങളിലും ഇയാള്‍ മധുരവുമായി എത്തി. ആളുകളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഈ പ്രവര്‍ത്തിയെന്ന് കാവല്‍ ബൈരാസന്ദ്ര പരിസരത്തെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താമസക്കാരനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

ആഗസ്ത് 5 മുതല്‍ തന്റെ മകന്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചെന്നുചാടുമെന്ന തോന്നലുണ്ടായിരുന്നതായി നവീന്റെ പിതാവും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ടി പവന്‍ കുമാര്‍ ദി പ്രിന്റിനോട് പറഞ്ഞു. തന്റെ ഉപദേശം വകവയ്ക്കാതെ മകന്‍ മുന്നോട്ട് പോയതില്‍ താന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇതിനെതിരേ താന്‍ അവന് മുന്നറിയിപ്പ് നല്‍കി, പക്ഷെ അവന്‍ താന്‍ പറയുന്നത് ചെവി കൊണ്ടില്ല.

അവന്റെ പ്രവര്‍ത്തി പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. തങ്ങള്‍ ഇവിടെ നിരവധി തലമുറകളായി ജീവിക്കുകയും ഐക്യത്തോടെ ജീവിക്കുകയും ചെയ്യുന്നവരാണ്'-കുമാര്‍ ദി പ്രിന്റിനോട് പറഞ്ഞു. നവീന്‍ രണ്ടുമാസം മുമ്പാണ് വിവാഹിതനായത്, ഇപ്പോള്‍ അദ്ദേഹം ജയിലിലാണ്. അവന് എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും കുമാര്‍ പറഞ്ഞു. മുഹമ്മദ് നബിയെക്കുറിച്ചുള്ള നവീന്റെ അത്യന്തം അവഹേളനപരമായ ഫേസ്ബുക്ക് പോസ്റ്റ് കാവല്‍ ബൈരാസന്ദ്ര പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുകയും പോലിസ് വിവേചനരഹിതമായി നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങള്‍ക്കു പിന്നാലെയാണ് നവീനെ പോലിസ് അറസ്റ്റ് ചെയ്തത്.

Tags: