യുദ്ധഭീതിയില്‍ ലോകം: ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; ഇന്ത്യയിലും ഇന്ധനവില കൂടി
മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.
മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് കൂടിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞിരിക്കുകയാണ്.
ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ് സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.