വഖഫ് ഭേദഗതി; വംശഹത്യക്കുള്ള നിയമ നിര്‍മ്മാണം: അല്‍ ഹാദി അസോസിയേഷന്‍

Update: 2025-04-03 17:14 GMT

തിരുവനന്തപുരം: പാര്‍ലമെന്റില്‍ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമം മുസ് ലിം ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എളുപ്പത്തില്‍ പിടിച്ചെടുത്ത് വംശഹത്യാ പ്രക്രിയ നിയമപരമാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്തെ മുസ്ലിം മത നേതൃത്വത്തിന്റെ ഉടമസ്ഥതയില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള ലക്ഷക്കണക്കിന് വഖ്ഫ് സ്വത്തുക്കള്‍ രേഖയുടെ പിന്‍ബലമില്ലെന്ന പേരുപറഞ്ഞ് ഹിന്ദുത്വ ശക്തികള്‍ക്ക് കയ്യേറാന്‍ ഇനിമുതല്‍ എളുപ്പത്തില്‍ സാധിക്കുമെന്ന അവസ്ഥയാണുള്ളത്.നിരവധി മസ്ജിദുകളില്‍ വിഗ്രഹങ്ങള്‍ സ്വയംഭൂവായ കഥകളും പള്ളിക്കടിയിലും ഹൗളിലും ശിവലിംഗവും മറ്റും കണ്ടെത്തി കേസ് നടത്തി വിജയിപ്പിച്ചെടുക്കാനുള്ള അധ്വാനങ്ങളും ആവശ്യമില്ലാതെ തന്നെ രേഖയില്ലെന്ന കാരണം പറഞ്ഞു കൈവശപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. ഈ നിയമം ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ആരാധനാസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശത്തിനും നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്.

ഈ നിയമത്തെ കയ്യിലെടുത്ത് കളിക്കാന്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലേക്കും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കുമായിരിക്കും ചെന്നെത്തുക. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മസ്ജിദുകള്‍ക്കും മദ്്‌റസകള്‍ക്കും ഇസ് ലാമിക കലാലയങ്ങള്‍ക്കും നേരെയുള്ള കയ്യേറ്റങ്ങള്‍ തങ്ങളുടെ ജീവന് നേരെയുള്ള ഭീഷണിയെക്കാള്‍ വലുതായാണ് അവര്‍ കാണുന്നത്. ആയതിനാല്‍ അവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ ഹിന്ദുത്വ സര്‍ക്കാരിന് കഴിഞ്ഞെന്നു വരില്ല.

പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ വേണ്ടത്ര തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ രാഷ്ട്രീയ- മത- സാമൂഹിക- സാംസ്‌കാരിക സംഘടനകള്‍ ജനാധിപത്യ പ്രക്ഷോഭത്തിന് സന്നദ്ധമാകാതെ മൗനം പാലിച്ചാല്‍ രാജ്യം കനത്ത വില നല്‍കേണ്ടി വന്നേക്കും.ജനാധിപത്യത്തിന്റെ പഴുതിലൂടെ ഫാഷിസം ഭീകരതാണ്ഡവത്തിന് ഒരുങ്ങുമ്പോള്‍ ജനാധിപത്യത്തിന്റെ ഭാഷയില്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കാന്‍ രാജ്യമൊന്നടങ്കം ഉണരേണ്ടതുണ്ട്- അല്‍ഹാദി അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.





Tags: