വഖഫ് ഭേദഗതി; ഭരണഘടനയെ അട്ടിമറിക്കാനുളള ഗൂഢ നീക്കം

Update: 2025-02-05 12:28 GMT

തിരുവനന്തപുരം: നിര്‍ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിവിധ മസ്ജിദുകളിലെ ഇമാമുമാരുള്‍പടെ നിരവധി മതപണ്ഡിതര്‍ പങ്കെടുത്ത സംഗമം കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ഉദ്ഘാടനം ചെയ്തു. ഭരണഘടന മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സംഘ്പരിവാര്‍ ശക്തികള്‍ക്ക് ജനം തിരിച്ചടി നല്‍കിയപ്പോള്‍, കുറുക്കു വഴികളിലൂടെ ഭരണഘടനയെ തകര്‍ക്കാനുളള കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌ക്കാരികവും, ചരിത്രപരവുമായ അസ്തിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢശ്രമങ്ങളെ മതപണ്ഡിതര്‍ മുന്നില്‍ നിന്ന് ചെറുക്കുമെന്ന് അദ്ധേഹം വ്യക്തമാക്കി.

സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ അമുസ്ലിംകളെ കൂടി അംഗങ്ങളാക്കുന്നത് വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ചില 'ഉന്നത കുലജാത'രുടെ കരങ്ങളിലെത്തിക്കാന്‍ ലക്ഷ്യമാക്കിയാണ്.

നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മതന്യൂനപക്ഷങ്ങളെ പ്രക്ഷോഭത്തിലേക്ക് തളളിവിടുകയും, രാജ്യത്തെ അടിസ്ഥാന വിഭവങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതി ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ യോജിച്ച് പോരാടണമെന്നും പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു.ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ താലൂക്ക് പ്രസിഡന്റ് കെ.കെ സെയ്‌നുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി മൗലവി അര്‍ഷദ് മന്നാനി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, പി.എം അബ്ദുല്‍ ജലീല്‍ മൗലവി, പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, സല്‍മാന്‍ മൗലവി അല്‍ഖാസിമി, നൗഷാദ് മൗലവി ബാഖവി, എം.യു അബ്ദുസലാം മൗലവി, പേഴുമ്മൂട് നാസിമുദ്ദീന്‍ ബാഖവി, ഹാഫിസ് ഖലീലുല്ലാ മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, അബ്ദുല്‍ ഹാദി മൗലവി, മൗലവി നാസിറുദ്ദീന്‍ നദ്വി, അല്‍അമീന്‍ മൗലവി അല്‍ഖാസിമി, സുധീര്‍ മന്നാനി പുതുക്കുറിച്ചി എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് സഹ്ല്‍ തങ്ങള്‍ ശ്രീകാര്യം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.





Tags: