'ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ല'; മുഴുപേജ് പരസ്യവുമായി വാള്‍സ്ട്രീറ്റ് ജേണല്‍, അപലപിച്ച് ഇന്ത്യ

ദേവാസ് സഹസ്ഥാപകനും യുഎസ് പൗരനുമായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യുഎസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബര്‍ 13ന് യു.എസ് പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം വന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള 'ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം' എന്ന എന്‍ജിഒയ്‌ക്കൊപ്പം ചേര്‍ന്നാണ് വിശ്വനാഥന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് 'മാഗ്‌നിറ്റ്‌സ്‌കി ആക്ട്' ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ഥിച്ചത്.

Update: 2022-10-18 17:29 GMT

ന്യൂഡല്‍ഹി: ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലെന്ന് ആരോപിച്ചുള്ള അമേരിക്കയിലെ പ്രശസ്ത പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മുഴു പേജ് പരസ്യം വിവാദത്തില്‍. ധനമന്ത്രി നിര്‍മല സീതാരാമനെയും മറ്റ് പത്ത് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ മുഴുപേജ് പരസ്യം നല്‍കിയത്. 'മോദിയുടെ മജിറ്റ്‌സ്‌കി 11', ഇന്ത്യയെ 'നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത ഇടം' ആക്കുന്ന ഉദ്യോഗസ്ഥര്‍ എന്നാണ് പരസ്യം അവരെ വിശേഷിപ്പിച്ചത്.

സീതാരാമനോടൊപ്പം ആന്‍ട്രിക്‌സ് ചെയര്‍മാന്‍ രാകേഷ് ശശിഭൂഷണ്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍, ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യന്‍, സിബിഐ ഡിഎസ്പി ആശിഷ് പരീഖ്, ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സാദിഖ് മുഹമ്മദ് നൈജ്‌നാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ രാജ് എന്നിവരുടെ പേരെടുത്ത് പറഞ്ഞുള്ളതായിരുന്നു പരസ്യം.

ദേവാസ് ആന്‍ട്രിക്‌സ് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ 'ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം' എന്ന ഗ്രൂപ്പാണ് പരസ്യം നല്‍കിയത്.

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയിലായിരുന്നു പത്രം ഈ പരസ്യം പ്രസിദ്ധീകരിച്ചത്. ദേവാസ് സഹസ്ഥാപകനും യുഎസ് പൗരനുമായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യുഎസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബര്‍ 13ന് യു.എസ് പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം വന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള 'ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം' എന്ന എന്‍ജിഒയ്‌ക്കൊപ്പം ചേര്‍ന്നാണ് വിശ്വനാഥന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് 'മാഗ്‌നിറ്റ്‌സ്‌കി ആക്ട്' ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ഥിച്ചത്.

'രാഷ്ട്രീയവ്യാപാര എതിരാളികളുമായി ഒത്തുതീര്‍പ്പിനായി രാജ്യത്തെ സ്ഥാപനങ്ങളെ ആയുധമാക്കി ഈ മോദി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമവാഴ്ചയെ തകര്‍ത്തു, നിക്ഷേപകര്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലാതാക്കി,' പരസ്യത്തില്‍ പറയുന്നു.

ഗ്ലോബല്‍ മാഗ്‌നിറ്റ്‌സ്‌കി ഹ്യൂമന്‍ റൈറ്റ്‌സ് അക്കൗണ്ടബിലിറ്റി ആക്ട് പ്രകാരം അവര്‍ക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ കീഴില്‍ നിയമവാഴ്ചയുടെ തകര്‍ച്ച ഇന്ത്യയെ നിക്ഷേപത്തിനുള്ള അപകടകരമായ സ്ഥലമാക്കി മാറ്റി. നിങ്ങള്‍ ഇന്ത്യയിലെ ഒരു നിക്ഷേപകനാണെങ്കില്‍, നിങ്ങളായിരിക്കും അടുത്തത്,' ഒക്ടോബര്‍ 13 ന് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണകൂടം വിചാരണ പോലും നടത്താതെ തന്നെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നുവെന്നും തന്റെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നതിന് തുല്യമാണിതെന്നും രാമചന്ദ്ര വിശ്വനാഥന്‍ പരസ്യത്തില്‍ പറയുന്നു.

അതേസമയം, പരസ്യത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ പരമാധികാരത്തിനെതിരായ ആക്രമണമാണ് ഈ പരസ്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നു.

Tags:    

Similar News