വാളയാർ: കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.

Update: 2019-11-18 05:22 GMT

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ താന്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. വീഴ്ച സംബന്ധിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് ലഭിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലനും അറിയിച്ചിരുന്നു.

കേസിന്റെ അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാല്‍ അനുകൂല നടപടിയാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തന്നെ പുറത്താക്കിയ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് ലതാ ജയരാജ് പറഞ്ഞു.


Tags:    

Similar News