പ്രതിഷേധം ശക്തമാക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; തല മുണ്ഡനം ചെയ്ത് തുടര്‍ സമരത്തിലേക്ക്

Update: 2021-02-27 04:40 GMT

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധം ശക്തമാക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം കടുപ്പിച്ചത്. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ സമരപ്പന്തലില്‍ രാവിലെ 11 നാണ് സമര പ്രഖ്യാപനം.

നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടര്‍ സമരം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.

വാളയാര്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ.ജലജ മാധവനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സമരം തുടങ്ങിയിട്ട് ആറ് ദിവസമായി. ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത പകരം നിരാഹാരം ആരംഭിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തില്ലെങ്കില്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ആവര്‍ത്തിച്ചു.