കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണപരാജയം; രൂക്ഷവിമര്‍ശനവുമായി ഐഎംഎ

ഐഎംഎയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷനലുകളും നല്‍കിയ നിര്‍ദേശങ്ങളും അഭ്യര്‍ഥനകളും കേന്ദ്രസര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളി. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് കേന്ദ്രം തീരുമാനങ്ങളെടുക്കുന്നത്. ജനങ്ങളില്‍ അവബോധമുണ്ടാക്കാനോ കൂട്ടായ ജാഗ്രത ഉറപ്പാക്കാനോ നടപടിയുണ്ടായില്ല. വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാന്‍ ദേശീയ തലത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സഹായിക്കും.

Update: 2021-05-09 04:01 GMT

ന്യൂഡല്‍ഹി: അത്യന്തം വിനാശകരമായ കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികളെ നേരിടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടര്‍ന്നുപിടിക്കുകയും പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം കവിയുകയും മരണനിരക്ക് ഏറുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്തുവന്നത്. കൊവിഡ് രണ്ടാം തരംഗത്തിലെ പ്രതിസന്ധികള്‍ നേരിടുന്നതിന്റെ കാര്യത്തില്‍ വകുപ്പില്‍നിന്നുള്ള കടുത്ത അലസതയും അനുചിതമായ നടപടികളും കണ്ട് ആശ്ചര്യപ്പെടുന്നതായി ഐഎംഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഐഎംഎയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷനലുകളും നല്‍കിയ നിര്‍ദേശങ്ങളും അഭ്യര്‍ഥനകളും കേന്ദ്രസര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളി. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് കേന്ദ്രം തീരുമാനങ്ങളെടുക്കുന്നത്. ജനങ്ങളില്‍ അവബോധമുണ്ടാക്കാനോ കൂട്ടായ ജാഗ്രത ഉറപ്പാക്കാനോ നടപടിയുണ്ടായില്ല. വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാന്‍ ദേശീയ തലത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സഹായിക്കും. അതിന്റെ ആവശ്യകതയെക്കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ലോക്ക് ഡൗണ്‍ കാലയളവില്‍ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും മനുഷ്യശേഷി വീണ്ടെടുക്കാനും കഴിയുമായിരുന്നു. അതുകൊണ്ടാണ് ഐഎംഎ ഇതിനായി നിര്‍ബന്ധം പിടിച്ചത്.

പ്രതിദിന രോഗികള്‍ നാലുലക്ഷത്തിലേക്ക് ഉയരുന്നതുവരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സമ്മതിച്ചതുമില്ല. പിന്നീട് സമ്പൂര്‍ണ ദേശീയ ലോക്ക് ഡൗണിന് പകരം ഏതാനും സംസ്ഥാനങ്ങളില്‍ 10 മുതല്‍ 15 ദിവസം വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഗുരുതരമായ കേസുകളുടെ എണ്ണം 40 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ കാര്യമായി ഗുണം ചെയ്തില്ല. സമ്പദ്‌വ്യവസ്ഥയേക്കാള്‍ ജീവിതം വിലപ്പെട്ടതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇനിയെങ്കിലും ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് കൊവിഡ് മഹാമാരിയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളെ ലഘൂകരിക്കുന്നതിനായി ഇടപെടല്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു.

ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കി ഏപ്രില്‍ 6 മുതല്‍ ഐഎംഎ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും താങ്ങാനാവുന്നതുമായ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെയ് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ആവശ്യമായ റോഡ്മാപ്പ് തയ്യാറാക്കുന്നതിനും വാക്‌സിന്‍ സ്‌റ്റോക്ക് ഉറപ്പാക്കുന്നതിനും മന്ത്രാലയം പരാജയപ്പെടുന്ന നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്. ഇതിന്റെ ഫലമായി ഭൂരിഭാഗം സ്ഥലങ്ങളിലും 18 വയസിന് മുകളില്‍ വാക്‌സിനേഷന്‍ പ്രക്രിയ നടന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോലും നടപ്പാക്കാതായപ്പോള്‍ ഇനി ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.

വാക്‌സിനേഷന്റെ 50 ശതമാനം ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ഏഴുദിവസമായി ചെറുകിട, ഇടത്തരം സ്വകാര്യാശുപത്രികളില്‍ വാക്‌സിന്‍ ലഭ്യമല്ല. വാക്‌സിന്‍ ക്ഷാമവും അമിത വിലക്കയറ്റവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. സൗജന്യ വാക്‌സിനേഷനിലൂടെയാണ് രാജ്യത്ത് വസൂരിയും പോളിയോയും നിര്‍മാര്‍ജനം ചെയ്തതെന്ന് ഐഎംഎ ഓര്‍മപ്പെടുത്തി. ഓക്‌സിജന്‍ ക്ഷാമത്തിന് കാരണവും കേന്ദ്രത്തിന്റെ വീഴ്ചയാണെന്നാണ് ഐഎംഎയുടെ കുറ്റപ്പെടുത്തല്‍. മതിയായ ഉത്പാദനമുണ്ടായിട്ടും കാര്യക്ഷമമായി വിതരണം ചെയ്തില്ല. ഓക്‌സിജന്റെ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയും ധാരാളം ആളുകള്‍ ഓക്‌സിജനില്ലാതെ മരണപ്പെടുകയും ചെയ്യുന്നു. ഇത് രോഗികള്‍ക്കും ആളുകള്‍ക്കുമിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

ആവശ്യത്തിന് ഉല്‍പാദനമുണ്ടെങ്കിലും പ്രതിസന്ധി തുടങ്ങി 15 ദിവസമായിട്ടും പലപ്പോഴും വിതരണം കാര്യക്ഷമമായിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനെ മുന്‍നിരയില്‍ കാണുന്നില്ല. തന്‍മൂലം നീതി ലഭിക്കാന്‍ ആളുകള്‍ കോടതികളുടെ വാതിലില്‍ മുട്ടുകയാണ്. സാങ്കേതികവും ഭരണപരവുമായ പാടവമുള്ളവരെ ഉള്‍പ്പെടുത്തി ആരോഗ്യശൃംഖലയൊന്നാകെ പരിഷ്‌കരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് (ഐഎംഎസ്) രൂപീകരിക്കണം. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യാന്‍ പുതുതായി ഒരു സംയോജിത മന്ത്രാലയം രൂപീകരിക്കണം.

ജനങ്ങളെ മുന്നില്‍നിന്നു നയിക്കാന്‍ പ്രാപ്തിയുള്ള ഒരു മന്ത്രിയെയും നിയോഗിക്കണം. യഥാര്‍ഥ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവക്കുന്നതിനെതിരേയും ഐഎംഎ രംഗത്തുവന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യഥാര്‍ഥ മരണങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത്? യഥാര്‍ഥ മരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാമെങ്കില്‍, കൊവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവരുടെ ഗൗരവം ഉയരുമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Tags: