വൈത്തിരിയിലേത് ഏറ്റുമുട്ടലെന്ന പോലിസ് വാദം പൊളിയുന്നു; സി പി ജലീല്‍ വെടിയുതിര്‍ത്തതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് വൈത്തിരിയില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഫോറന്‍സിക് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

Update: 2020-09-28 09:17 GMT

കോഴിക്കോട്: വയനാട് വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിനെ പ്രതികൂട്ടില്‍നിര്‍ത്തി ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് വൈത്തിരിയില്‍ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഫോറന്‍സിക് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

ഇതോടെ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പോലിസ് വാദം പൊളിയുകയാണ്. ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നായിരുന്നു പോലിസ് ഭാഷ്യം. ജലീലിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത തോക്ക് ഇരുപത്തിയേഴാം ഇനമായാണ് ഫോറന്‍സിക് സംഘം പരിശോധിച്ചത്.

ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ പലരും അന്ന് തന്നെ ആരോപിക്കുകയും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. വൈത്തിരിയിലേത് വ്യാജഏറ്റുമുട്ടല്‍ ആണെന്ന് തെളിഞ്ഞതായും തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്നും ജലീലിന്റെ സഹോദരന്‍ സി പി റഷീദ് പറഞ്ഞു. ജലീലിന്റേത് എന്ന് പറഞ്ഞ് പോലിസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല.

സി പി ജലീലിന്റെ വലതുകൈയില്‍ നിന്നെടുത്ത സ്രവത്തില്‍ വെടിമരുന്നിന്റെ അംശം ഇല്ല. എന്നാല്‍ ഇടതു കയ്യില്‍ നിന്ന് എടുത്ത സ്രവത്തില്‍ ലെഡിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.ഏറ്റുമുട്ടല്‍ നടന്നസ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പോലിസുകാരുടെ തോക്കില്‍ നിന്നാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉള്‍പ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോലിസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു. അങ്ങനെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.അതേസമയം സിപി ജലീലിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ട കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തോക്കുകളില്‍ നിന്നുള്ളതല്ലെന്നതാണ് ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍.

മാവോവാദികള്‍ വെടിയുതിര്‍ത്തതിന് പ്രതികരണമായാണ് പോലിസ് സംഘം വെടിയുതിര്‍ത്തതെന്ന പോലിസ് ഭാഷ്യത്തെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

Tags:    

Similar News