കണ്‍സള്‍ട്ടന്‍സി വിവാദം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കും; ആരോപണവുമായി വിടി ബല്‍റാം

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക്ക് ബാലകുമാര്‍ എക്‌സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ആരോപിച്ചു.

Update: 2020-06-28 17:52 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ വിഷയത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി വിടി ബല്‍റാം എംഎല്‍എ. പദ്ധതിക്ക് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഡയറക്ടറായ ഐടി കമ്പനിയാണ് എക്‌സാലോജിക് സെല്യൂഷന്‍സ്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക്ക് ബാലകുമാര്‍ എക്‌സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ആരോപിച്ചു. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് 'ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ' എന്ന അടിക്കുറിപ്പില്‍ പുതിയ ആരോപണവുമായി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 

Similar News