പുടിന് 2036 വരെ തുടരാം; നിയമ ഭേദഗതിക്ക് റഷ്യന്‍ ജനതയുടെ അംഗീകാരം

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതികള്‍ അംഗീകരിക്കപ്പെടുമെന്നാണ് ആദ്യ ഫലസൂചനകള്‍.

Update: 2020-07-02 04:49 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് 2036 വരെ അധികാര സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതികള്‍ അംഗീകരിക്കപ്പെടുമെന്നാണ് ആദ്യ ഫലസൂചനകള്‍. 30 ശതമാനം വോട്ടെണ്ണിയപ്പോള്‍ 74% പേര്‍ ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി, റഷ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും പ്രചാരണത്തിലെ പാളിച്ചകളും പുതിന് വിജയം എളുപ്പമാക്കി.

മോസ്‌കോയിലും പടിഞ്ഞാറന്‍ റഷ്യയുടെ മറ്റു ഭാഗങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുമ്പോഴേക്കും മൊത്തം പോളിംഗ് 65% ആയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ 90 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.റഷ്യയുടെ കിഴക്കേ അറ്റത്തുള്ള ചുക്കി പെനിന്‍സുലയില്‍ 80 ശതമാനം വോട്ടര്‍മാരും ഭേദഗതികളെ പിന്തുണച്ചതോടെ വളരെ പെട്ടെന്നു തന്നെ പ്രാഥമിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ 70 ശതമാനം വോട്ടര്‍മാരും ഈ മാറ്റങ്ങളെ പിന്തുണച്ചതായി അവര്‍ പറഞ്ഞു.

ക്രെംലിന്‍ വിമര്‍ശകരും സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകരും പോളിംഗ് കണക്കുകളെ ചോദ്യം ചെയ്തു. വോട്ടെടുപ്പില്‍ അപാകതകളുണ്ടെന്നും കൃത്രിമത്വം നടന്നിട്ടുണ്ടെന്നും സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷണ ഗ്രൂപ്പായ ഗോലോസിന്റെ സഹ ചെയര്‍ ഗ്രിഗറി മെല്‍കോണിയന്റ്‌സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റാണ് പുടിന്‍. സോവിയറ്റ് ഏകാധിപതി ജോസെഫ് സ്റ്റാലിനു ശേഷമുള്ള മറ്റേതൊരു ക്രെംലിന്‍ നേതാവിനേക്കാളും കൂടുതലാണ് ഈ കാലയളവ്. 2024 ല്‍ വീണ്ടും മത്സരിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് പുടിന്‍ പറഞ്ഞിരുന്നു. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

ജനുവരിയിലാണ് ഭരണഘടനാമാറ്റത്തിനുള്ള വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഏപ്രില്‍ 22നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍, വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. നിര്‍ദിഷ്ട ഭരണഘടനാമാറ്റങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. പുടിന്‍ ഒപ്പുവെക്കുകയുംചെയ്തു. ജനങ്ങളുടെ അംഗീകാരത്തിനായി വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുടിന്‍ തന്നെയാണ് നിര്‍ദേശിച്ചത്.

Tags:    

Similar News