ശശികലയുടെ 1600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം

Update: 2019-11-05 12:15 GMT

ചെന്നൈ: എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള ഒമ്പത് വസ്തു വകകളാണ് കണ്ടുകെട്ടിയത്. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. ബിനാമി കൈമാറ്റ(നിരോധന) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ആദായനികുതി വകുപ്പിന്റെ നടപടി.

    2017 നവംബറില്‍ നോട്ടുനിരോധനത്തിനു പിന്നാലെ വി കെ ശശികലയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലെല്ലാം ഓപറേഷന്‍ ക്ലീന്‍ മണി എന്ന പേരില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയാ ടിവി ഓഫിസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിലെ ടിടിവി ദിനകരനുമായി ബന്ധമുള്ള സുകേഷ് ചന്ദ്രശേഖരന്റെ ഫ്‌ളാറ്റുകള്‍ തുടങ്ങിയ സ്ഥലത്തെല്ലാം പരിശോധന നടത്തിയിരുന്നു. ആകെ 187 സ്ഥലങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയിരുന്നത്. റെയ്ഡില്‍ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. നിയമത്തിലെ സെക്്ഷന്‍ 24(3) പ്രകാരമാണ് കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നു ചെന്നൈയിലെ ആദായനികുതി വകുപ്പിനു കീഴിലുള്ള ബിനാമി നിരോധന യൂനിറ്റി(ബിപിയു) ലെ ഓഫിസറെ ഉദ്ധരിച്ച് ന്യൂസ് നാഷന്‍ റിപോര്‍ട്ട് ചെയ്തു. ഉത്തരവ് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍മാര്‍ക്കും കമ്പനികളുടെ രജിസ്ട്രാര്‍ക്കും അയച്ചതായും അധികൃതര്‍ അറിയിച്ചു. താല്‍ക്കാലിക കണ്ടുകെട്ടലിന്റെ പരിധി 90 ദിവസമാണ്.



Tags: