വിവാദ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ചും നീക്കം ചെയ്തും വിവേക് ഒബ്‌റോയ്

എക്‌സിറ്റ് പോളില്‍ സംശയം പ്രകടിപ്പിച്ചുള്ള ട്രോളിലാണ് ഐശ്വര്യയുടെ ചിത്രം ചേര്‍ത്തത്. ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. ദേശീയ വനിതാ കമ്മിഷനും വിവേക് ഒബ്‌റോയിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Update: 2019-05-21 05:02 GMT

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ച മീമില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. മീം ട്വീറ്റില്‍നിന്നു നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു മീം.

എക്‌സിറ്റ് പോളില്‍ സംശയം പ്രകടിപ്പിച്ചുള്ള ട്രോളിലാണ് ഐശ്വര്യയുടെ ചിത്രം ചേര്‍ത്തത്. ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. ദേശീയ വനിതാ കമ്മിഷനും വിവേക് ഒബ്‌റോയിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയന്‍ പോള്‍' എന്നാണ് മീമില്‍ കുറിച്ചത്. 2002ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്‌സിറ്റ് പോള്‍' എന്നാണ് മീമില്‍ ഉള്ളത്.

വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യഅഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ 'തിരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിങ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന ട്വീറ്റിന് വലിയ രീതിയിലുള്ള പ്രതിഷേധം ട്വീറ്റിറില്‍ ഉയര്‍ന്നിരുന്നു. സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ പോസ്റ്റിന് ലഭിച്ചത്.

Tags:    

Similar News