കൊറോണ ഭീതി: കൊല്‍ക്കത്ത ജയിലില്‍ സംഘര്‍ഷം, തടവുകാര്‍ ജയിലില്‍ തീയിട്ടു

കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

Update: 2020-03-21 14:19 GMT

കൊല്‍ക്കത്ത: കൊറോണ ഭീതിയില്‍ കൊല്‍ക്കത്ത ജയിലില്‍ പുള്ളികളും ജയില്‍ അധികൃതരും തമ്മില്‍ ഏറ്റുമുട്ടി. വടക്കന്‍ കൊല്‍ക്കത്തയിലെ ദും ദും ജയിലിലാണ് സംഘര്‍ഷമുണ്ടായത്. കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തടവുപുള്ളികളുടെ ആവശ്യം അധികൃതര്‍ നിരസിച്ചതോടെ വ്യാപക അക്രമം അഴിച്ചുവിട്ട തടവുകാര്‍ നിരവധി ജയില്‍ വസ്തുവകകള്‍ തീയിട്ട് നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സംഭവത്തില്‍ അധികൃതര്‍ക്കും തടവുകാര്‍ക്കും പരിക്കേറ്റു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈറസ് ബാധയുള്ളവര്‍ ജയിലില്‍ ഉണ്ടാകാമെന്നും കൂട്ടമായി ജയിലില്‍ പാര്‍പ്പിക്കരുതെന്നും അടിയന്തരമായി ഇടക്കാല ജാമ്യം വേണമെന്നുമായിരുന്നു തടവുകാരുടെ ആവശ്യം.സ്ഥിതി ശാന്തമാക്കുന്നതിനായി ബാരക്പൂര്‍ സിപി മനോജ് വര്‍മയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇവിടെയെത്തിയിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി മൂന്നു അഗ്‌നിശമന യൂണിറ്റുകളാണ് ജയിലിലെത്തിയത്.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി തടവുകാര്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ അടച്ചിരുന്നു. അതിനാല്‍ തന്നെ ജ്യാമപേക്ഷകള്‍ കോടതി പരിഗണിക്കുന്നത് വൈകും. ഇതാണ് തടവുകാരെ രോഷാകുലരാക്കിയതെന്നും പറയുന്നുണ്ട്. ജയിലിലെ സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് വകുപ്പ് മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് അറിയിച്ചു. മാര്‍ച്ച് 31വരെ കോടതി നടപടികളില്‍ പങ്കെടുക്കില്ലെന്ന് വെസ്റ്റ് ബംഗാള്‍ ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.


Tags:    

Similar News