ത്രിപുരയില്‍‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ വാഹനവും ബിഷാൽഗഡിൽ ഓഫീസും അഗ്നിക്കിരയാക്കി ബിജെപി

അക്രമങ്ങളെ സിപിഎം അപലപിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസിനകത്തുവരെ കയറിയാണ്‌ ബിജെപി ആക്രമണം നടത്തിയത്‌. ത്രിപുരയിലെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ സർക്കാരും ബിജെപിയും നടത്തുന്നത്‌.

Update: 2021-09-08 16:02 GMT

അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരേ വ്യാപക അക്രമം അഴിച്ചുവിട്ട്‌ ബിജെപി. അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസും, ദേശർ കഥ പത്രത്തിന്റെ ഓഫീസും ആക്രമിച്ചു. ഓഫീസുകൾക്ക്‌ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിട്ടിട്ടുണ്ട്‌. ബിഷാൽഗഡിൽ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു.

നിരവധി സിപിഎം പ്രവർത്തകരുടെ വീടുകളും ബിജെപിക്കാർ ആക്രമിച്ച്‌ തകർത്തു. ബിഡൽഗറിലെ ഓഫിസ്‌ പോലിസ്‌ നോക്കിനിൽക്കെയാണ്‌ അക്രമികൾ തീവച്ചത്‌. സർക്കാർ, പോലിസ്‌ സംരക്ഷണയോടെയാണ്‌ ആർഎസ്‌എസ്‌, ബിജെപി ഗുണ്ടകൾ സംസ്ഥാനത്ത്‌ അഴിഞ്ഞാടുന്നത്‌. കഴിഞ്ഞ ദിവസം ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ മണിക്‌ സർക്കാരിന്റെ വാഹന വ്യൂഹത്തിനു നേരെയും ബിജെപി ആക്രമണമുണ്ടായി.

അക്രമങ്ങളെ സിപിഎം അപലപിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസിനകത്തുവരെ കയറിയാണ്‌ ബിജെപി ആക്രമണം നടത്തിയത്‌. ത്രിപുരയിലെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ സർക്കാരും ബിജെപിയും നടത്തുന്നത്‌. ആക്രമിച്ച്‌ തോൽപ്പിക്കാമെന്നും, നിശബ്‌ദരാക്കാമെന്നുമുള്ള സംഘപരിവാർ ലക്ഷ്യം നടക്കില്ലെന്നും സിപിഎം പ്രസ്‌താവനയിൽ പറഞ്ഞു.

സെപഹിജാല ജില്ലയിലെ സോണമുര മേഖലയിലാണ്‌ സംഘർഷമുണ്ടായത്‌. കതാലിയയിലെ പാർടി പരിപാടിക്കുപോയ മണിക്‌ സർക്കാരിന്റെ വാഹനം ധൻപുർ ചന്തയ്‌ക്കു സമീപം ബിജെപിക്കാർ തടഞ്ഞെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട്‌ വഴിയൊരുക്കി. ഒരു ബിജെപിക്കാരന്‌ പരിക്കേറ്റു.

മൂന്ന്‌ കിലോമീറ്റർ അകലെ ബാഷ്‌പുക്കൂറിലാണ്‌ രണ്ടാമത്‌ സംഘർഷമുണ്ടായത്‌. മണിക്‌ സർക്കാർ ഇവിടെ നിന്ന്‌ നടന്ന്‌ വേദിയിലേക്ക്‌ പോയി. പ്രവർത്തകർ ഇരുവശത്തും മനുഷ്യച്ചങ്ങല തീർത്തു. മടങ്ങിപ്പോകണമെന്ന്‌ ആവശ്യപ്പെട്ട പോലിസ്‌ സുരക്ഷ ഒരുക്കിയില്ല. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട്‌ സിപിഎം പ്രവർത്തകർക്കും മൂന്ന്‌ ബിജെപിക്കാർക്കും പരിക്കേറ്റു. പോലിസ്‌ കണ്ണീർവാതകം പ്രയോഗിച്ചു.