ബംഗളൂരു: എംഎല്‍എയുടെ ബന്ധു അറസ്റ്റില്‍; സംഘര്‍ഷം നിയന്ത്രണ വിധേയം; മരണസംഖ്യ കൂടിയേക്കും

സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. പോലിസ് വെടിയേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കും.

Update: 2020-08-12 02:44 GMT

പിസി അബ്ദുല്ല

ബംഗളൂരു: ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ പോസ്റ്റിട്ട ബംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിനെ പോലിസ് അറസ്റ്റ് ചെയ്തു. പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രന്‍ നവീനാണ് അറസ്റ്റിലായത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. പോലിസ് വെടിയേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കും. ഇന്നലെ രാത്രി കലാപം പൊട്ടിപ്പുറപെട്ട നഗര പ്രാന്തത്തിലെ കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. പോലിസിന്റെ അഭ്യര്‍ഥന പ്രകാരം പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ രാത്രി തന്നെ സമാധാന പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി. നേതാക്കളായ അബ്ദുല്‍ ഹനാന്‍, മുസമ്മില്‍ തുടങ്ങിയവര്‍ ജനങ്ങളെ ശാന്തരാക്കാന്‍ രംഗത്തുണ്ട്.



ജനങ്ങള്‍ സമാധാനം പാലിക്കാനും നിയമം കൈയിലെടുക്കരുതെന്നും എസ്ഡിപിഐ കര്‍ണാടക സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹന്നാന്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ മുസ്‌ലിം യുവാക്കള്‍ തന്നെ രംഗത്തെത്തി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി പത്തോടെ ഡിജെ ഹള്ളി കാവല്‍ ബൈരസാന്ദ്രയിലാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.

പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ് ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകള്‍ നവീെന്റ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. എം.എല്‍.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറില്‍ വീടിെന്റ ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. നവീെന്റ അറസ്റ്റ് ആവശ്യപ്പെട്ട് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്‌റ്റേഷനുകളുടെ മുന്നിലും ആളുകള്‍ തടിച്ചുകൂടി. പോലിസ് സ്‌റ്റേഷനു നേരെയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നൂറോളം പേര്‍ വീടിനു നേരെ കല്ലെറിയുകയും അതിക്രമിച്ചു കടക്കുകയുമായിരുന്നു. എംഎല്‍എയുടെ വീടും ഓഫിസും ആക്രമിച്ചതിനൊപ്പം 15ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.


Tags:    

Similar News