കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര; കാഴ്ചക്കാരായി എം എ ബേബി അടക്കമുള്ളവര്‍

Update: 2022-01-12 03:04 GMT

തിരുവനന്തപുരം: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 502 സ്ത്രീകള്‍ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജനുവരി 14 മുതല്‍ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എ സി കെ ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കലാപരിപാടി ആസ്വദിക്കാന്‍ നൂറുകണക്കിന് കാണികളും ഒത്തുചേര്‍ന്നിരുന്നു.


 പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായത്. കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ആളുകള്‍ ഒത്തുകൂടുന്ന സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലിസ് ജനക്കൂട്ടത്തെ കണ്ടില്ലെന്ന് നടിച്ച് മടങ്ങി.

ആള്‍ക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്. ഇതിനൊക്കെ കടകവിരുദ്ധമായാണ് ഭരണകക്ഷിയുടെ പാര്‍ട്ടി തന്നെ നൂറുകണക്കിനാളുകളുടെ ഒത്തുചേരലുകള്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന് 9,066 ആയ ദിവസമായിരുന്നു ഇന്നലെ. ഇതില്‍ 2,200 രോഗികളും തിരുവനന്തപുരം ജില്ലയിലാണ് എന്നതാണ് ശ്രദ്ധേയം.

Tags:    

Similar News