കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ആര്‍എസ്എസ് നിയന്ത്രിത ക്ഷേത്രത്തില്‍ ഉല്‍സവം

ക്ഷേത്രത്തില്‍ ഉല്‍സവാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ആര്‍എസ്എസ് നഗര്‍ നേതാക്കളും ബിജെപി സംസ്ഥാന നേതാക്കളുമാണെന്നും സൂചനയുണ്ട്

Update: 2020-05-08 18:11 GMT

ആലപ്പുഴ: കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ഉല്‍സവം നടത്തി. ആലപ്പുഴ തിരുമല ദേവസ്വം അനന്ത നാരായണപുരം ക്ഷേത്രത്തിലാണ് ഇക്കഴിഞ്ഞ മെയ് 4, 5 തിയ്യതികളില്‍ നിരവധി പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്തിയത്. കൊവിഡ് വ്യാപനം തടയാന്‍ വേണ്ടി നിര്‍ദേശിച്ച നിയന്ത്രണങ്ങളോ മുന്‍കരുതലുകളോ പാലിക്കാതെയായിരുന്നു ഉല്‍സവം. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലക്കല്‍ വാര്‍ഡിലെ സുധീര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. പൊതുജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച് വിപുലമായ രീതിയില്‍ ചടങ്ങുകള്‍ നടത്തിയതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ക്ഷേത്രത്തില്‍ ഉല്‍സവാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ആര്‍എസ്എസ് നഗര്‍ നേതാക്കളും ബിജെപി സംസ്ഥാന നേതാക്കളുമാണെന്നും സൂചനയുണ്ട്. വിലക്കുകളെ വെല്ലുവിളിച്ച് ഉല്‍സവം നടത്തിയ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

    നേരത്തേ, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധന നടത്തിയവര്‍ക്കും നിയന്ത്രണങ്ങളെല്ലാം പാലിച്ച് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉല്‍സവം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടും പോലിസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


Tags:    

Similar News