എഡിജിപി വിജയ്‌ സാഖറെ എന്‍ഐഎയിലേക്ക്

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷന്‍ ചോദിച്ചത്. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു.

Update: 2022-10-13 12:33 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഡെപ്യൂട്ടേഷനുള്ള വിജയ്‌ സാഖറെയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

നിലവില്‍ ഇരട്ടനരബലിയടക്കമുള്ള പ്രധാന കേസുകളുടെ അന്വേഷണ ചുമതലയും പോലിസ് ആസ്ഥാനത്തെ എഡിജിപിയായ വിജയ് സാഖറെയ്ക്കാണ്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷന്‍ ചോദിച്ചത്. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു.

സാഖറെ സംസ്ഥാനം വിടുന്ന സാഹചര്യത്തില്‍ ക്രമസമാധാനത്തിനായുള്ള പുതിയെ എഡിജിപിയെ കണ്ടെത്തേണ്ടതുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നല്‍കിയേക്കും.

ഇടതുസര്‍ക്കാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെയെ കരുതിയിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണവും സാഖറെയ്ക്കെതിരേ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍ഐഎയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയം.