പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Update: 2023-06-09 14:41 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തിന് ശേഷം നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയതെന്നാണ് റിപോര്‍ട്ട്. പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം വസ്തുതാപരമാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞാല്‍ വി ഡി സതീശനെതിരേ വിശദമായ അന്വേഷണം നടത്തിയേക്കും. ഒരു വര്‍ഷം മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് സംഘം സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.


Tags: