ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി കത്ത് ലഭിച്ചെന്ന് കെ സുധാകരന്‍; ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍

Update: 2023-06-26 07:57 GMT

ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡുമായി കാര്യങ്ങള്‍ വിശദീകരിക്കാനാണെത്തിയത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുമയി ഇരുവരും ചര്‍ച്ച നടത്തും. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. അതിനിടെ, തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഭാര്യ സ്മിതയുടെ അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞതായും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതുവിധത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

    ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂള്‍ ഏറ്റെടുത്തില്ലെന്നു കാണിച്ച് 2021ല്‍ എം പ്രശാന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനം നടത്തി എന്നാണ് പരാതി, 2001 ജനുവരി ഒന്നുമുതലുള്ള ശമ്പള വിവരങ്ങള്‍ തേടിയാണ് കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പിലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതിനിടെ മോണ്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി സുധാകരനെ ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു. എന്തും പറയാമെന്ന സ്ഥിതിയാണ് ഗോവിന്ദന്. ഓലപ്പാമ്പാണോ അല്ലയോ എന്ന് പിന്നീട് അറിയാം. നിയമപരമായി ചോദ്യം ചെയ്യാന്‍ മാത്രമേ കഴിയൂ എന്നതിനാലാണ് കേസ് കൊടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ പുരാവസ്തു തട്ടിപ്പുകേസ്, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്, പുനര്‍ജ്ജനി കേസ്, കേരള രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ വിശദീകരിക്കുമെന്നാണ് കരുതുന്നത്.

Tags:    

Similar News