ബംഗളൂരുവിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; രണ്ട് മരണം, ആറ് പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2021-09-21 15:10 GMT

ബംഗളൂരു: ബംഗളൂരുവിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് ബന്നാര്‍ഘട്ട റോഡിലുള്ള ഐഐഎമ്മിന് സമീപം മന്ദ്‌റി അസ്പയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫഌറ്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്‌ളാറ്റിലുണ്ടായിരുന്നത്. തീപടര്‍ന്നതോടെ ഇവര്‍ ബാല്‍ക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികള്‍ രക്ഷപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇവര്‍ സഹായത്തിനായി അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുകയാണ്.

വലിയ തീയും പുകയും കെട്ടിടത്തില്‍നിന്ന് ഉയരുന്നുണ്ടായിരുന്നു. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അഗ്‌നിശമന വിഭാഗം കണ്‍ട്രോള്‍ ഓഫിസര്‍ അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ 75 ഹൗസിങ് യൂനിറ്റുകളില്‍ നാലെണ്ണം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അന്വേഷിച്ചുവരികയാണെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ അണയ്ക്കാന്‍ രണ്ട് മണിക്കൂറോളം സമയമെടുത്തു- അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: