ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് സ്ത്രീകള്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍

Update: 2022-01-27 06:28 GMT

ന്യൂഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, തലമുടി മുറിച്ച്, മുഖത്ത് കറുത്ത ചായം പൂശി, പരസ്യമായി ക്രൂര മര്‍ദനത്തിരയാക്കി സ്ത്രീകള്‍. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മുടിമൊട്ടയടിച്ച് പരേഡ് നടത്താന്‍ നേതൃത്വം നല്‍കിയവരില്‍ നാല് സ്ത്രീകള്‍ അറസ്റ്റിലായി. നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ ആക്രമണം അരങ്ങേറിയത്.

കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

'വ്യക്തിവൈരാഗ്യം മൂലം സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്ന ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ഇന്ന് ഷഹ്ദാര ജില്ലയില്‍ നടന്നു. നാല് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു, അന്വേഷണം തുടരുകയാണ്. ഇരയ്ക്ക് സാധ്യമായ എല്ലാ സഹായവും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്,' മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, 20 കാരിയായ യുവതിയെ അനധികൃത മദ്യവില്‍പ്പനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തതായി യുവതിയെ കണ്ട ഡിസിഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു.

'കസ്തൂര്‍ബാ നഗറില്‍, 20 വയസ്സുള്ള പെണ്‍കുട്ടിയെ അനധികൃത മദ്യവില്‍പ്പനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു, മൊട്ടയടിക്കുകയും, ചെരിപ്പുമാല അണിയിക്കുകയും, മുഖത്ത് കറുത്ത പെയിന്റ് അടിക്കുകയും ചെയ്തു. ഡല്‍ഹി പോലിസിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ കുറ്റവാളികളും പുരുഷന്മാരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്യണം, പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും സുരക്ഷ നല്‍കണം,' വീഡിയോ പങ്കുവെച്ചുകൊണ്ട് മലിവാള്‍ പറഞ്ഞു.

Tags: