നാവികസേനയ്ക്ക് ഇനി മലയാളി തലവന്‍; അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ചുമതലയേറ്റത്.

Update: 2021-11-30 04:07 GMT

ന്യൂഡല്‍ഹി: നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ചുമതലയേറ്റത്. നാവികസേനാ മേധാവി കരംബീര്‍ സിങ് വിരമിച്ച ഒഴിവിലാണ് ഹരികുമാറിന്റെ നിയമനം. നാവികസേനാ മേധാവിസ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് 59 വയസ്സുള്ള ഹരികുമാര്‍. ഇദ്ദേഹത്തിന് നാവികസേനാ മേധാവിയായി 2024 വരെ തുടരാം.


മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ നിയുക്തനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഡ്മിറല്‍ ഹരികുമാര്‍ പറഞ്ഞു. സ്ഥാനമൊഴിയുന്ന മേധാവി കരംബീര്‍ സിങിന് സേനയുടെ നന്ദി ഹരികുമാര്‍ അറിയിച്ചു.



 മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു ഹരികുമാര്‍.നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983ല്‍ ഇന്ത്യന്‍ നാവികസേനയിലെത്തിയ ഹരികുമാര്‍ ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്‍വീര്‍ ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


മുംബൈ സര്‍വകലാശാലയിലും യുഎസ് നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

മുമ്പ് നാവികസേനാ മേധാവികളായ കന്യാകുമാരി സ്വദേശി അഡ്മിറല്‍ സുശീല്‍ കുമാര്‍, കണ്ണൂരില്‍ ജനിച്ച ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരനായ അഡ്മിറല്‍ ആര്‍ എല്‍ പെരേര, അഡ്മിറല്‍ എല്‍ രാംദാസ് എന്നിവര്‍ക്ക് കേരളത്തില്‍ വേരുകളുണ്ടായിരുന്നു.

പെരേര 1979 ലും രാംദാസ് 1990 ലും സുശീല്‍ കുമാര്‍ 1998 ലുമാണ് നാവികസേനാ മേധാവിയായത്.

Tags:    

Similar News