ആല്‍വാര്‍ തല്ലിക്കൊല: പ്രതിയായ വിഎച്ച്പി നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Update: 2021-06-21 01:56 GMT
ജയ്പൂര്‍: കന്നുകാലി കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതിയായ വിഎച്ച്പി നേതാവ് മൂന്നുവര്‍ഷത്തിനു ശേഷം അറസ്റ്റില്‍. 2018ല്‍ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ റക്ബര്‍ എന്ന അക്ബര്‍ ഖാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രാദേശിക നേതാവ് നേവല്‍ കിഷോര്‍ ശര്‍മയെ ആണ് നാല് ദിവസം മുമ്പ് രാംഗഡ് പോലിസ് അറസ്റ്റ് ചെയ്തത്. കേസ് എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണെന്നും ആല്‍വാര്‍ എസ്പി തേജസ്വിനി ഗൗതം പറഞ്ഞു. കേസില്‍ രാംഗഡ് പോലിസ് നടത്തിയ അഞ്ചാമത്തെ അറസ്റ്റാണിത്.      

റക്ബര്‍ ഖാന്‍ മര്‍ദ്ദനമേറ്റ് പോലിസ് വാഹനത്തില്‍(ഫയല്‍ ചിത്രം)

2018 ജൂലൈ 20ന് രാംഗഡില്‍ പശുക്കടത്ത് ആരോപിച്ചാണ് റക്ബര്‍ ഖാനെയും സുഹൃത്ത് അസ് ലമിനെയും ഹിന്ദുത്വര്‍ മര്‍ദ്ദിച്ചത്. കേസില്‍ പരംജീത് സിങ്, നരേഷ് ശര്‍മ, വിജയ് കുമാര്‍, ധര്‍മേന്ദ്ര യാദവ് എന്നിവര്‍ക്കെതിരേ 2019 ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ അന്തിമ വാദം കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. രാംഗഡിലെ സ്വയംപ്രഖ്യാപിത ഗോ രക്ഷാ സംഘത്തിലെ മേധാവി നേവല്‍ കിഷോര്‍ ശര്‍മയുടെ നേതൃത്വത്തിലാണ് റക്ബര്‍ ഖാനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 304 (കുറ്റകരമായ നരഹത്യ) തുടങ്ങിയവ പ്രകാരമാണ് വിഎച്ച്പി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് പി (റൂറല്‍) ശ്രീമന്‍ മീണ പറഞ്ഞു. നാവല്‍ കിഷോര്‍ ശര്‍മയെ 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വളരെക്കാലമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷമാണ് അറസ്റ്റ് ചെയ്തതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് കുമാര്‍ ശര്‍മ പറഞ്ഞു. റക്ബര്‍ അസ് ലമും ലദ്പുര ഗ്രാമത്തില്‍ നിന്ന് പശുക്കളെ വാങ്ങി ലാലവണ്ടി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്തിലൂടെ ഹരിയാനയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ആക്രമണം. അസ് ലം പരിക്കുകളോടെ രക്ഷപ്പെട്ടു.

VHP leader arrested for alleged involvement in 2018 Alwar mob lynching case

Tags: