മതപരിവര്‍ത്തനം ആരോപിച്ച് വീട്ടില്‍ വിഎച്ച്പി ആക്രമണം

Update: 2024-07-06 10:18 GMT

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്തുമത വിശ്വാസികളുടെ വീട്ടില്‍ക്കയറി വിഎച്ച്പി ആക്രമണം. പ്രാര്‍ഥനാ ചടങ്ങ് നക്കുന്നതിനിടെ ഇരച്ചുകയറിയ സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘം വീട്ടിലുണ്ടായിരുന്ന 20 സ്ത്രീകള്‍ ഉള്‍പ്പെടെ 28 പേരെ കസ്റ്റഡിയിലെടുത്തു. അക്രമികളെ പിടികൂടുന്നതിനു പകരം ഇരകളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.



Full View


രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് പറഞ്ഞ് ഒരുസംഘം വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഒരു യുവാവിനെ വീട്ടില്‍വച്ചും പുറത്തെത്തിച്ചും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന നിലയിലുള്ള യുവാവിനെ പുറത്തിറക്കിയപ്പോള്‍ നിലത്തിട്ട് ആക്രമിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അക്രമിസംഘം ഇതിനുശേഷം വീടിനു മുന്നില്‍വച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. പുരുഷ പോലിസുകാര്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ സ്ത്രീകളെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതുരഗേറ്റ് പോലിസ് സംഘമാണ് 20 സ്ത്രീകളടക്കം 28 പേരെ കസ്റ്റഡിയിലെടുത്തത്.

പ്രദേശത്തെ ഒരു വീട്ടില്‍ മതപരിവര്‍ത്തനത്തിനായി ആളുകള്‍ തടിച്ചുകൂടിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഡിഎസ്പി സുനില്‍ ശര്‍മ പറഞ്ഞു. വീട്ടില്‍ മതപരിവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരുസംഘം അവിടേക്ക് പോയതെന്നും നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടതായും വിഎച്ച്പി ജില്ലാ പ്രസിഡന്റ് ലഖന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: