കൊവിഡ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പത്മശ്രീ ഫാത്തിമ സക്കരിയ അന്തരിച്ചു

Update: 2021-04-07 19:36 GMT

മുംബൈ: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും അക്കാദമിഷ്യനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഫാത്തിമ റഫീഖ് സക്കരിയ കൊവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ബജാജ് ആശുപത്രിയിലാണ് അന്ത്യം. മഹാരാഷ്ട്ര മുന്‍ മന്ത്രിയും ഇസ് ലാമിക പണ്ഡിതനുമായ ഡോ. റഫീഖ് സക്കരിയയുടെ ഭാര്യയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    മൗലാന ആസാദ് എജ്യുക്കേഷനല്‍ ട്രസ്റ്റിന്റെയും മുംബൈയിലെ ഖൈറുല്‍ ഇസ് ലാം ട്രസ്റ്റിന്റെയും ചെയര്‍പേഴ്‌സനായിരുന്നു. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സനാണ്. 1983 ല്‍ ജേണലിസത്തിനായുള്ള സരോജിനി നായിഡു ഇന്റഗ്രേഷന്‍ അവാര്‍ഡും 2006 ലെ വിദ്യാഭ്യാസരംഗത്തെ അംഗീകാരമായി പത്മശ്രീയും ലഭിച്ച ഫാത്തിമ സക്കരിയ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും ബോംബെയിലെ സണ്‍ഡേ ടൈംസിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. ടൈംസ്, താജ് മാഗസിന്‍, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പുറത്തിറക്കിയ കോഫി ടേബിള്‍ തുടങ്ങിയവയിലും സേവനമനുഷ്ഠിച്ചു.

    ചരിത്ര കലാകാരന്‍ തസ്‌നീം സക്കറിയ, മന്‍സൂര്‍ സക്കറിയ, യുഎസ് ആസ്ഥാനമായുള്ള ആഗോള ഹെഡ്ജ് ഫണ്ടിലുള്ള അര്‍ഷാദ് സക്കറിയ, യുഎസ് ആസ്ഥാനമായുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ന്യൂസ് വീക്ക് മാസികയുടെ മുന്‍ എഡിറ്ററുമായ ഫരീദ് സക്കരിയ എന്നിവര്‍ മക്കളാണ്. ടൈം മാഗസിനൊപ്പം നിലവില്‍ സിഎന്‍എന്നില്‍ 'ഫരീദ് സക്കറിയ ജിപിഎസ്' ഷോ നടത്തുന്നുണ്ട്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചത്.

Veteran Journalist Padma Shri Fatima Zakaria Dies

Tags:    

Similar News