സോണിയാ ഗാന്ധി ആശുപത്രിയില്‍

Update: 2026-03-25 02:27 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വര്‍ധനവുണ്ടായതായി കണ്ടെത്തിയെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യ സഭാംഗമാണ് 79കാരിയായ സോണിയാ ഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സോണിയ നിര്‍വഹിക്കുന്നുണ്ട്.

Tags: