വെണ്ടേക്കുംപൊയിൽ ആദിവാസി ഊരുനിവാസികൾ പ്രക്ഷോഭത്തിലേക്ക്

അറുപത്തിയൊമ്പത് വർഷമായി വനാവകാശ പട്ടയത്തിന്റെ ബലത്തിലാണ് ഈ ഇരുപത്തിമൂന്ന് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. എന്നാൽ ഊരിന് ചുറ്റുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിക്കും തോട്ടങ്ങൾക്കും സ്ഥിരം പട്ടയമുണ്ട്. ഊര് നിവാസികൾ സ്ഥിരം പട്ടയത്തിനായി അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഇതിലൊന്നും ഇതുവരെ തീരുമാനമായില്ല.

Update: 2021-12-16 08:21 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടീരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെണ്ടേക്കുംപൊയിൽ ആദിവാസി ഊരുനിവാസികൾ പ്രക്ഷോഭത്തിലേക്ക്. കാലങ്ങളായി മാറിമാറി വരുന്ന സർക്കാരുകൾ ഊരിനോട് കാണിക്കുന്ന അവ​ഗണനയിൽ പ്രതിഷേധിച്ചാണ് ഊരു നിവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ആറ് പതിറ്റാണ്ടിലേറെയായി പട്ടയം പോലുമില്ലാതെ കഴിയുന്ന ഇരുപത്തിമൂന്നോളം കുടുംബങ്ങളാണ് ഊര് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്.

ഇരുപത്തിമൂന്ന് കുടുംബങ്ങൾക്കും സ്ഥിരം പട്ടയം അനുവദിക്കുക, വാസയോ​ഗ്യമായ പാർപ്പിടങ്ങൾ യാഥാർത്ഥ്യമാക്കുക, ഊരിലേക്ക് ​ഗതാ​ഗത യോ​ഗ്യമായ റോഡ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഊര് സംരക്ഷണ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകുവാൻ ഒരുങ്ങുന്നത്. ഊര് മൂപ്പൻ കോർമന്റെ അധ്യക്ഷതയിലാണ് ഊര് സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്.

അറുപത്തിയൊമ്പത് വർഷമായി വനാവകാശ പട്ടയത്തിന്റെ ബലത്തിലാണ് ഈ ഇരുപത്തിമൂന്ന് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. എന്നാൽ ഊരിന് ചുറ്റുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിക്കും തോട്ടങ്ങൾക്കും സ്ഥിരം പട്ടയമുണ്ട്. ഊര് നിവാസികൾ സ്ഥിരം പട്ടയത്തിനായി അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഇതിലൊന്നും ഇതുവരെ തീരുമാനമായില്ല. ഇതാണ് പ്രക്ഷോഭത്തിലേക്കിറങ്ങാൻ ആദിവാസികളെ നിർബന്ധിതരാക്കിയിരിക്കുന്നതെന്ന് ഊര് സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നത്.

പത്തുമുതൽ ഇരുപത്തിരണ്ട് വർഷം മുമ്പ് വരെ പണിത ആസ്ബസ്റ്റോസ്, ഓട് വീടുകളിൽ ഭയത്തോടെ കിടന്നുറങ്ങേണ്ട ​ഗതികേടിലാണ് ഈ ഇരുപത് കുടുംബങ്ങൾ. ഓട് മേഞ്ഞ വീടുകളാകട്ടെ മുളകൾ കൊണ്ട് പ്രത്യേകം തൂണുകൾ നാട്ടിയാണ് മേൽക്കൂര താങ്ങി നിർത്തുന്നത്. അതുകൊണ്ട് തന്നെ രാത്രി കിടന്നുറങ്ങുന്നത് വീടിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാർപോളിൻ ഷീറ്റുകൊണ്ട് നിർമിച്ച ഷെഡ്ഡുകളിലാണ്. ആസ്ബസ്റ്റോസ് വീടുകളാകട്ടെ ചോർച്ച കാരണം വാസയോ​ഗ്യമല്ലാതായിരിക്കുകയാണ്.

അതേസമയം ഊര് സംരക്ഷണ സമിതി നിലവിൽ വന്ന ശേഷം പിന്നിൽ മാവോവാദികളാണെന്ന ആരോപണവുമായി വാർഡ് അംഗം ടെസി സണ്ണി രം​ഗത്ത് വന്നിരുന്നു. ആദിവാസികൾ തങ്ങളുടെ അവകാശങ്ങൾ മനസിലാക്കി പൊതുരം​ഗത്തേക്ക് വരുമ്പോൾ അവരെ മാവോവാദികളായി ചിത്രീകരിക്കുന്നത് കാലങ്ങളായി തുടരുന്ന അവ​ഗണനയെ വെള്ളപൂശാൻ ആണെന്നും അതുകൊണ്ടൊന്നും ഈ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഊര് സംരക്ഷണ സമിതി പറയുന്നു.

വെണ്ടേക്കുംപൊയിലിൽ മാവോവാദി ബന്ധമുള്ളവരുടെ സാന്നിധ്യം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പോലിസ് നൽകിയതല്ലെന്ന് അരീക്കോട് സിഐ തേജസ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഊരിൽ നടന്ന സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട പരിപാടി പുറത്തുനിന്നെത്തിയവർ തടസപ്പെടുത്തിയെന്ന പരാതിയാണ് വാർഡ് അംഗം ടെസി സണ്ണി നൽകിയിരിക്കുന്നതെന്നും അതിൽ അന്വേഷണം നടന്നുവരികയാണെന്നും സിഐ പറഞ്ഞു.

പഠന ലിഖിത് അഭിയാൻ പദ്ധതിയുടെ അപേക്ഷാ ഫോമുകൾ ഊര് നിവാസികളെ ഏൽപ്പിക്കാനാണ് വാർഡ് മെമ്പറും സാക്ഷരതാ മിഷൻ പ്രേരക് മൈമൂനയും ഞായറാഴ്ച്ച ഊരിൽ വന്നതെന്നും അവരെ ആരും തടഞ്ഞിട്ടില്ലെന്നും ഊര് നിവാസികൾ പറയുന്നു. എന്തിനാണ് വാർഡ് മെമ്പർ ഇത്തരത്തിൽ നുണപ്രചാരണം നടത്തുന്നതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.