വേൽമുരുകൻ കൊല: മജിസ്‌റ്റീരിയൽ അന്വേഷണം എവിടെയുമെത്തിയില്ല; തെളിവ് ഹാജരാക്കാൻ അദാലത്ത് 11 മാസം പിന്നിട്ടപ്പോൾ
വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് വയനാട് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ അന്നത്തെ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തി 2020 നവംബർ 11നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപോര്‍ട്ട് നല്കാൻ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉത്തരവില്‍ നിർദേശിച്ചിരുന്നു.
കൽപറ്റ: പടിഞ്ഞാറത്തറ മീന്‍മുട്ടിയില്‍ നടന്ന വെടിവയ്പ്പിൽ മാവോവാദി നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തിലെ മജിസ്‌ട്രേറ്റ്തല അന്വേഷണം എങ്ങുമെത്തിയില്ല. പതിനൊന്ന് മാസം പിന്നിട്ടപ്പോഴാണ് അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ഹാജരാക്കാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അദാലത്ത് വിളിച്ചുചേർത്തിരിക്കുന്നത്.
സാക്ഷികള്‍, പൊതുജനങ്ങള്‍, വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ ബന്ധുക്കള്‍ എന്നിവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28നു രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ വയനാട് കലക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് വയനാട് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ അന്നത്തെ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തി 2020 നവംബർ 11നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപോര്‍ട്ട് നല്കാൻ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉത്തരവില്‍ നിർദേശിച്ചിരുന്നു. എന്നാൽ, അന്വേഷണം തുടങ്ങുവാൻ അന്നത്തെ കലക്ടർ തയ്യാറാകാത്തതാണ് അന്വേഷണം നീളാൻ കാരണമായത്.
2020 നവംബർ മൂന്നിനാണ് സിപിഐ (മാവോവാദി) കബനീ ദളത്തിലെ പ്രവർത്തകൻ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം പുതുക്കോട്ടൈ സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടത്. പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച് യൂനിഫോം ധരിച്ച മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടിച്ചെന്നാണ് ജില്ല പോലിസ് മേധാവിയായിരുന്ന ജി പൂങ്കുഴലി അറിയിച്ചിരുന്നത്. എന്നാൽ, വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും പ്രതികരിച്ചത്. സംഭവസ്ഥലത്തേക്ക് തിരിച്ച മാധ്യമ പ്രവർത്തകരെ മൂന്നു കിലോമീറ്റർ ദൂരെ കാപ്പിക്കളത്ത് പോലിസ് തടഞ്ഞിരുന്നു.
ഏറ്റുമുട്ടൽ നാട്ടുകാരിൽ പലരും അറിയുന്നത് പ്രദേശത്ത് വൻ പോലിസ് സന്നാഹം എത്തിയപ്പോഴായിരുന്നു. മാനന്തവാടി എസ്ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ നക്സൽവിരുദ്ധ സേന പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികൾ പോലിസിനുനേരെ വെടിയുതിർത്തെന്നാണ് പോലിസ് നൽകിയ വിവരം. ഇതുപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഏറ്റുമുട്ടൽ കൊലകൾ നടന്നാൽ ഏറ്റുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാണ് സുപ്രിംകോടതി നിർദേശം. എന്നാൽ 2016ൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷം നാല് ഏറ്റുമുട്ടലുകളിലായി എട്ട് പേർ കൊല്ലപ്പെട്ടെങ്കിലും സുപ്രിംകോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല ഇവയിലൊന്നിലും നടക്കുന്നതെന്ന ആരോപണം മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.

