കൂടുതല്‍ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാര്‍; വൈദികപട്ടം എന്തും പറയാനുള്ള ലൈസന്‍സല്ല: വെള്ളാപ്പള്ളി
ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരേ പരാമര്‍ശം ഉണ്ടായത്.
ആലപ്പുഴ: ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്‌കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരേ പരാമര്‍ശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
