വാഹന പൊളിക്കല്‍ നയം: ജില്ലകള്‍ തോറും പൊളിക്കല്‍ കേന്ദ്രം; നിക്ഷേപകര്‍ക്ക് സ്വാഗതം

ഇതിനു മുന്നോടിയായി വ്യവസായ വകുപ്പിനോട് പൊളിക്കല്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നല്‍കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇവ സ്ഥാപിക്കാം.

Update: 2022-09-29 11:00 GMT

തിരുവനന്തപുരം:കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കല്‍ നയം രാജ്യത്ത് അടുത്തിടെ കേന്ദ്രം നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മൂന്നു പൊളിക്കല്‍ കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരും നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഒരു പൊളിക്കല്‍ കേന്ദ്രമെങ്കിലും തുടങ്ങണമെന്ന് ഉത്തരവിറക്കും.

ഇതിനു മുന്നോടിയായി വ്യവസായ വകുപ്പിനോട് പൊളിക്കല്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നല്‍കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇവ സ്ഥാപിക്കാം. ഒക്ടോബര്‍ 1 മുതല്‍ പൊളിക്കല്‍ നയം നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞെങ്കിലും സംസ്ഥാനങ്ങള്‍ നടപടികള്‍ തുടങ്ങിയതേയുള്ളൂ. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുമായിരിക്കും പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആദ്യ അംഗീകൃത പൊളിക്കല്‍ കേന്ദ്രം നോയിഡയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മാരുതിയും ടൊയോട്ടയും ചേര്‍ന്നാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

പരിസ്ഥിതി മലിനീകരണ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ , അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങള്‍ തയാറാക്കുന്നതിനാണ് വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിനു ശേഷം ഗതാഗതവകുപ്പ് കരാര്‍ ക്ഷണിക്കും.

15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങള്‍ക്കും 20 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ടെസ്റ്റ് പാസായാല്‍ മാത്രം പുനര്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നതാണ് സ്‌ക്രാപ്പേജ് നയം. നിശ്ചിത കാലാവധിക്കു ശേഷം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഒരവസരം കൂടി നല്‍കും. രണ്ടാമതും പരാജയപ്പെട്ടാല്‍ നിര്‍ബന്ധമായും പൊളിക്കണം.

2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ വാഹന പൊളിക്കല്‍ നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി നടപ്പാകുന്നതോടെ അസംസ്‌കൃത വസ്തുകളുടെ വിലയില്‍ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും, നിലവില്‍ 22,000 കോടി രൂപയുടെ സ്‌ക്രാപ്പ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സ്‌ക്രാപ്പ് പോളിസി നടപ്പാക്കുന്നതോടെ ഇതില്‍ കാര്യമായി കുറവുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലാവധി കണക്കാക്കുന്നത്. തുടര്‍ന്ന്, ഫിറ്റ്‌നസ് പരിശോധനയിലും പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടത്. പഴയവാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പുതിയത് വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് വേണ്ടാ. റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവുലഭിക്കും. വാഹനനിര്‍മാതാക്കള്‍ വിലയില്‍ അഞ്ചുശതമാനം ഇളവും നല്‍കും. ജിഎസ്ടിയിലും ഇളവുണ്ടാകും.

Tags:    

Similar News