കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ തോറ്റു കൊടുക്കില്ല: വി ഡി സതീശന്‍

ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി.

Update: 2022-01-08 11:02 GMT

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് കല്ലിളക്കിയാൽ പല്ലു പോകുമെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലുള്ള കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിനു മുന്നില്‍ യുഡിഎഫ് തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യുഡിഎഫ് സമരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കൊവിഡിന്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതിലെല്ലാം വ്യാപകമായ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.