കൊല നടത്തി പ്രക്ഷോഭകരെ നിശബ്ദമാക്കാനാകില്ല; ബിജെപിയിൽ കലഹവുമായി വരുണ്‍ ഗാന്ധി

സംഭവത്തില്‍ ഉത്തരവാദികളായ ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ വരുണ്‍ രംഗത്തെത്തിയിരുന്നു

Update: 2021-10-07 04:36 GMT

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബിജെപി നേതൃത്വത്തിനെതിരേ പാര്‍ട്ടി എംപി വരുണ്‍ ഗാന്ധി. കൊലപാതകത്തിലൂടെ പ്രക്ഷോഭകരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി വ്യക്തമാക്കി.

യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ അതിവേഗതയില്‍ എത്തിയ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ അഭിപ്രായ പ്രകടനം. സംഭവത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിക്കൂട്ടില്‍ നില്‍ക്കെ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.

'ഈ വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രക്ഷേഭകരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം' വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ ഉത്തരവാദികളായ ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ വരുണ്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ഇടയിലേക്ക് മനപൂര്‍വ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യം ആരേയും നടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലഖിംപുര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.