വാളയാര്‍: പോലിസിനും പ്രോസിക്യൂഷനും ഗുരുതരവീഴ്ച; കേസിലെ വിധിപ്പകര്‍പ്പ് പുറത്ത്

13 വയസ്സുകാരി തൂങ്ങിമരിച്ചത് തന്നെയാണെന്ന് വ്യക്തമാക്കിയ വിചാരണക്കോടതി, മുമ്പുണ്ടായ ലൈംഗികപീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്‍ പെണ്‍കുട്ടി ആത്മഹത്യചെയ്തുവെന്ന വാദം ഒരിക്കലും ചോദ്യംചെയ്തിട്ടില്ല.

Update: 2019-10-30 07:27 GMT

പാലക്കാട്: വാളയാറില്‍ ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് വിധിയില്‍ പറയുന്നത്. 13 വയസ്സുകാരി തൂങ്ങിമരിച്ചത് തന്നെയാണെന്ന് വ്യക്തമാക്കിയ വിചാരണക്കോടതി, മുമ്പുണ്ടായ ലൈംഗികപീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്‍ പെണ്‍കുട്ടി ആത്മഹത്യചെയ്തുവെന്ന വാദം ഒരിക്കലും ചോദ്യംചെയ്തിട്ടില്ല. പെണ്‍കുട്ടി നേരത്തെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

എന്നാല്‍ പീഡനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രത്യേകം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. പോലിസ് ഇത് ചെയ്തിട്ടില്ല. പ്രതികള്‍ പീഡനം നടത്തിയതിന്റെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നും സാഹചര്യത്തെളിവുകളെ മാത്രമാണ് കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചതെന്നും വിധിയില്‍ പറയുന്നു. ഈ തെളിവുകളുടെ തുടര്‍ച്ചയും പ്രോസിക്യൂഷന് നല്‍കാനായിട്ടില്ല. പ്രതി പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്നു എന്നതും പെണ്‍കുട്ടി അയാളുടെ വീട്ടില്‍ വീട്ടില്‍ പോയിരുന്നു എന്നതും മാത്രമാണ് വിശ്വാസയോഗ്യമായ സാഹചര്യതെളിവുകള്‍.

പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. എന്നാല്‍, അതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് പ്രതികളിലൊരാള്‍ മൊബൈല്‍ വാങ്ങിനല്‍കിയെന്ന് 12ാം സാക്ഷി വിചാരണവേളയില്‍ പറയുന്നുണ്ട്. എന്നാല്‍, 161 പ്രകാരം രേഖപ്പെടുത്തിയ മൊഴിയില്‍ ഇതൊഴിവാക്കിയിട്ടുണ്ട്. 2016 ജനുവരി മുതല്‍ സപ്തംബര്‍വരെ വീടിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ചതായി സാക്ഷിമൊഴിയുണ്ട്. എന്നാല്‍, ആ കാലയളവിന് ശേഷമാണ് വീട് വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ കോടതിയില്‍ മൊഴി നല്‍കി. സാക്ഷികളെ പോലിസ് പടച്ചുണ്ടാക്കിയതാണെന്നും വിധിയില്‍ പറയുന്നു.

രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇളയമകളുടേത് കൊലപാതകമെന്ന് മാതാപിതാക്കള്‍ പോലിസിന് മൊഴിയും നല്‍കി. എന്നാല്‍, ഈ മൊഴി കുറ്റപത്രത്തിലില്ല. കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്റെ പരിശോധിച്ചതായും കുറ്റപത്രത്തിലില്ല. ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റുചെയ്തതെങ്കിലും അറസ്റ്റിന് ശേഷമാണ് ഇവരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News