വടകര മറ്റൊരു പാലാ; ജെഡിഎസ് ഒറ്റപ്പെട്ടു

എല്‍ജെഡി ഇടതു മുന്നണിയുടെ ഭാഗമായതോടെ വടകരയില്‍ കഴിഞ്ഞ തവണ വിജയിച്ച ജെഡിഎസിന് സീറ്റ് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനോട് തോറ്റ എല്‍ജെഡി ഇത്തവണ വടകരയില്‍ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

Update: 2021-02-16 10:03 GMT

പി സി അബ്ദുല്ല

കോഴിക്കോട്: പാലായിലേതിനു സമാനമായ സാഹചര്യം വടകര നിയമ സഭാ സീറ്റിലും സംജാതമായത് ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കി. എല്‍ജെഡി ഇടതു മുന്നണിയുടെ ഭാഗമായതോടെ വടകരയില്‍ കഴിഞ്ഞ തവണ വിജയിച്ച ജെഡിഎസിന് സീറ്റ് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനോട് തോറ്റ എല്‍ജെഡി ഇത്തവണ വടകരയില്‍ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണ പാലായില്‍ തോറ്റ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലെത്തിയപ്പോള്‍ സിറ്റിങ് എംഎല്‍എയായ മാണി സി കാപ്പനെ വേണ്ടാതായ അതേ അവസ്ഥയാണ് വടകരയില്‍ ജെഡിഎസിനേയും സിറ്റിങ് എംഎല്‍എ സി കെ നാണുവിനേയും കാത്തിരിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെങ്കിലും വടകരയില്‍ എല്‍ജെഡി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിപിഎം നേതൃത്വം വടകര സീറ്റ് എല്‍ജെഡിക്ക് ഉറപ്പു നല്‍കിയെന്നാണ് സൂചനകള്‍.

ലോക് താന്ത്രിക് ജനതാദള്‍ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തിയത് സിപിഎം നല്‍കിയ ഉറപ്പിന്റെ ബലത്തിലുമാണ്. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി സീറ്റുറപ്പിച്ച നിലയിലാണ് എല്‍ജെഡി നീക്കം. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും റാലിയും എല്‍ജെഡിയുടെ ശക്തിപ്രകടനം കൂടിയായിരുന്നു. വടകരയില്‍ ജെഡിഎസിനെ വെല്ലുവിളിക്കുന്ന വിധമായിരുന്നു എല്‍ജെഡി കണ്‍വെന്‍ഷനും പ്രകടനവും.

അതേസമയം, സിറ്റിങ് സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജെഡിഎസ്. ശക്തിതെളിയിക്കാന്‍ ജെഡിഎസും വരും നാളുകളില്‍ രംഗത്തിറങ്ങും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പപുകളില്‍ വീരേന്ദ്രകുമാര്‍ നയിച്ചിരുന്ന സോഷ്യലിസ്റ്റ് ജനതാ ദളിനെ പരാജയപ്പെടുത്തിയാണ് വടകരയില്‍ ജെഡിഎസ് ജയിച്ചത്. 1957ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുകയറിയ മണ്ഡലം. എല്‍ഡിഎഫിനിപ്പോള്‍ പ്രിയം എല്‍ജെഡിയോടാണ്. പ്രകടമായ അവഗണനയാണ് സിപിഎമ്മില്‍ നിന്ന് വടകരയില്‍ ജെഡിഎസ് നേരിടുന്നത്. തദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും ഇത് പ്രകടമായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സി കെ നാണു ഇത്തവണ വടകരയില്‍ മല്‍സരിക്കാനിടയില്ല. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് സീറ്റ് എല്‍ജെഡിക്ക് നല്‍കാനുള്ള സിപിഎം തീരുമാനം.

Tags:    

Similar News