വടക്കാഞ്ചേരി പീഡനക്കേസ്: അന്വേഷണം പോലിസ് അവസാനിപ്പിച്ചു

യുവതിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് നടപടിയെടുന്നാണ് കത്തിലുള്ളത്

Update: 2019-09-16 10:01 GMT

തൃശൂര്‍: വടക്കാഞ്ചേരിയിലെ സിപിഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി എന്‍ ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം പോലിസ് അവസാനിപ്പിച്ചു. അനില്‍ അക്കരെ എംഎല്‍എയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുവതിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് നടപടിയെടുന്നാണ് കത്തിലുള്ളത്. 2016 നവംബറില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് യുവതി പീഡനവിവരം പുറത്തറിയിച്ചത്. ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന പീഡനകഥ ഏറെ ചര്‍ച്ചയായിരുന്നു.

    കേസില്‍ പ്രതികളായ സിപിഎം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെ കോടതി നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ലഭിച്ചെന്നു കോടതിയില്‍ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല, പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്കു നല്‍കുകയും യുവതിക്കൊപ്പം പ്രതികളും നുണപരിശോധനയ്ക്കു തയ്യാറാവുകയും ചെയ്തിരുന്നു. യുവതിയെ രണ്ടു വര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

    കേസില്‍ തെളിവെടുപ്പിന്റെ പേരില്‍ പേരാമംഗലം സിഐ മണികണ്ഠന്‍ തന്നെ അപമാനിച്ചെന്നും ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് ഉടന്‍ തൃശൂര്‍ റേഞ്ച് ഐജിയില്‍ നിന്ന് റിപോര്‍ട്ട് തേടിയിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നു നേരത്തേ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.



Tags:    

Similar News