വാക്‌സിന്‍ ദേശീയതയ്ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

Update: 2021-01-30 03:38 GMT

ദാവോസ്: വാക്‌സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങള്‍ മാത്രം കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ ചില രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്‌സിന്‍ തയ്യാറാക്കുമെന്നത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ ദാവോസ് അജണ്ട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളും സ്വന്തം ആളുകള്‍ക്കായി വാക്‌സിനുകള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും ഇത് ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ വലിയ അപകടത്തിലാക്കുകയാണ്. കൊവിഡ് 19 സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി അന്താരാഷ്ട്ര തലത്തില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ശനിയാഴ്ച ഒരു വര്‍ഷമാവുകയാണ്.

    മഹാമാരി ലോകത്തിലെ അസമത്വങ്ങള്‍ തുറന്നുകാട്ടി. മഹാമാരി അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും വാക്‌സിനുകളും അസമത്വങ്ങള്‍ വര്‍ധിപ്പിക്കുമെന്ന അപകടം ഇപ്പോഴുണ്ട്. വാക്‌സിന്‍ ദേശീയത നിലനില്‍ക്കുകയാണെങ്കില്‍ നാമെല്ലാവരും വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ വാക്‌സിനുകള്‍ വിതരണം ചെയ്ത സര്‍ക്കാരുകളോട് അവരുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മഹാമാരിയെ നേരിടാന്‍ ആഗോള ഐക്യദാര്‍ഢ്യം ആവശ്യമാണെന്ന് നോര്‍വേ വിദേശകാര്യമന്ത്രി ഇനെ എറിക്‌സന്‍ സോറൈഡ് പറഞ്ഞു.

Vaccine Nationalism Will Prolong Pandemic: WHO Chief