അന്‍വര്‍ പരിധിവിട്ടെന്ന് വി അബ്ദുര്‍റഹ്‌മാന്‍; രാഷ്ട്രീയ നെറികേടെന്ന് പി കെ ബിജു

Update: 2024-09-27 05:30 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ പരിധി വിട്ടെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പൊതുവേദിയല്ലേ. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരല്ലേ. സംഘപരിവാരത്തിന് വിധേയപ്പെട്ടെന്നത് പലപ്പോഴും പലരും പറഞ്ഞുപരത്തുന്നതാണെങ്കിലും ഏതെങ്കിലും ഒന്ന് തെളിയിക്കാനായോയെന്നും അദ്ദേഹം ചോദിച്ചു. വടകര തിരഞ്ഞെടുപ്പ് മുതല്‍ പറയുന്നതല്ലേ. വടകരയില്‍ ആരാണ് സഖ്യമുണ്ടാക്കിയത്. യുഡിഎഫ് അല്ലേ. തെറ്റായ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കുക. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഗൗരവമായെടുത്തു. അന്വേഷണം നടത്തുന്നു. അതില്‍ക്കയറി അനാവശ്യമായ അഭിപ്രായം പറയുന്നത് തെറ്റായ പ്രവണതയല്ലേ. എല്ലാം കഴിഞ്ഞിട്ടും ഇത്തരം പ്രഭാഷണം നടത്തുന്നത് ശരിയല്ലെന്നും അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു.

    അന്‍വറിന്റെ നിലപാട് രാഷ്ട്രീയ നെറികേടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തി പാര്‍ട്ി ശത്രുക്കളെ സഹായിക്കാന്‍ എടുത്ത ക്വട്ടേഷനാണ് ഇപ്പോള്‍ നടത്തുന്ന നെറികെട്ട പ്രച്‌രണത്തിന് പിന്നിലുള്ളത്. അന്‍വറിന്റെ പരാതിയിന്മേല്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തില്‍ നടപടി എടുക്കുന്നത് കാത്തുനില്‍ക്കാതെ പാര്‍ട്ടിയും സര്‍ക്കാരും നല്‍കിയ ഉറപ്പ് സ്വീകരിക്കാതെ അന്‍വര്‍ തുടര്‍ച്ചയായി നടത്തുന്ന മാധ്യമ വിചാരണ പുതിയ കൂട്ടുകച്ചവടക്കാര്‍ക്കൊപ്പം ചേര്‍ന്നുള്ളതാണ്. സിപിഎം രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കാര്യങ്ങള്‍ മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ അന്‍വറിന് അവസരം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അന്‍വര്‍ നടത്തിയ പ്രസ്താവന മാപ്പര്‍ഹിക്കാത്തതും ഇടതുപക്ഷ സഹയാത്രികന് ചേര്‍ന്നതുമല്ല. സിപിഎമ്മിന് ഒരു പോറലുമേല്‍പ്പിക്കാന്‍ അന്‍വറിന്റെ വ്യാജ ആരോപണങ്ങള്‍ക്ക് കഴിയില്ലെന്നും പി കെ ബിജു വ്യക്തമാക്കി.

Tags: