ഉയിഗുര്‍ മുസ്‌ലിം ഗവേഷകന്‍ ചൈനീസ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു

Update: 2020-02-28 19:21 GMT

ബീജിങ്: പ്രമുഖ ഉയിഗുര്‍ മുസ്‌ലിം ഗവേഷകന്‍ മുഹമ്മദ് സാലിഹ് ഹാജിം(82) ചൈനീസ് പോലിസിന്റെ കസ്റ്റഡിയില്‍ മരിച്ചു. ഷിന്‍ജിയാങ് മേഖലാ തലസ്ഥാനമായ ഉറുംഖിയില്‍ കഴിഞ്ഞ 40 ദിവസമായി ഇദ്ദേഹം പോലിസിന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപോര്‍ട്ട് ചെയ്തു. സാലിഹ് ഹാജിമിനോടൊപ്പം അദ്ദേഹത്തിന്റെ മകളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തിരുന്നതായി ഉയിഗുര്‍ മനുഷ്യാവകാശ പ്രൊജക്റ്റ്(യുഎച്ച്ആര്‍പി) പ്രസ്താവനയില്‍ വ്യക്തമാക്കി. 'യഥാര്‍ഥ മരണകാരണം വ്യക്തമല്ലെന്നും അദ്ദേഹം കസ്റ്റഡിയിലായിട്ട് 40 ദിവസമായെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സാലിഹിനെയും ബന്ധുക്കളെയും എന്തിന് കസ്റ്റഡിയില്‍ വച്ചതെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കണമെന്നും ബന്ധുക്കള്‍ക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ അവരെ മോചിപ്പിക്കണമെന്നും യുഎച്ച്ആര്‍പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    ഉയിഗുര്‍ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും സ്വാധീനമുള്ള ഗവേഷകനാണു സാലിഹെന്ന് വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍ക്ഷത് രക്‌സിത് വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ ഉയിഗുര്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയാള്‍ കൂടിയാണ് ഇദ്ദേഹം. സാലിഹിന്റെ മരണം ഉയിഗൂര്‍ സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഒരു മതനേതാവ്, പണ്ഡിതന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന് ഏറെ പദവി ലഭിച്ചിരുന്നുവെന്നും യുഎച്ച്ആര്‍പി ഡയറക്ടര്‍ ഒമര്‍ കാനത്ത് വ്യക്തമാക്കി. ആയിരക്കണക്കിന് ഉയിഗൂര്‍ മുസ് ലിംകളെ തടവിലിട്ട ചെന്‍ തുറന്ന ഒരു ക്യാംപിലാണോ സാലിഹിനെ പാര്‍പ്പിച്ചിരുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ 'തീവ്രവാദപരവും' 'രാഷ്ട്രീയമായി തെറ്റായ' വീക്ഷണങ്ങളുള്ളവരുമായവരെന്ന് ആരോപിച്ച് നിരവധി ഉയിഗൂര്‍ മുസ് ലിംകളെ സിന്‍ജിയാങിലെ ക്യാംപുകളില്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വ്യാപകമായ വിവേചനം, മതപരവും സാംസ്‌കാരികവുമായ അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവ ചൈനീസ് ഭരണകൂടം നടത്തുന്നതായും പരാതികളുണ്ടായിരുന്നു.




Tags:    

Similar News