ഉത്തരാഖണ്ഡ്: കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു; ദുരന്തത്തിന് കാരണം തേടി വിദഗ്ധ സംഘം

അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം.

Update: 2021-02-08 01:31 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയ മേഖലയില്‍ ഇന്നലെ രാത്രിയോടെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കൂടുതല്‍ സംഘങ്ങളെ ദുരന്ത മേഖലയിലെത്തിച്ച് തെരച്ചിലിന് ആക്കംകൂട്ടും. അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. 170 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിലാണ് 30 പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ആറു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങള്‍ ഒലിച്ചു പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

മണ്ണും ചെളിയും നീക്കാന്‍ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണില്‍ എത്തിയ രക്ഷാപ്രവര്‍ത്തക വിദഗ്ധരെ രാവിലെയോടെ വ്യോമമാര്‍ഗം ചമോലിയില്‍ എത്തിക്കും. അതേസമയം, ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം മേഖല സന്ദര്‍ശിക്കും.ഉത്തരാഖണ്ഡില്‍ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചില്‍ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയില്‍ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതല്‍ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.

Tags: